വാക്കും പ്രവൃത്തിയും ഒന്നാകുന്നതാണ് ക്രൈസ്തവ വ്യക്തിത്വം: മാർ ജോസഫ് പണ്ടാരശേരിൽ
1533030
Saturday, March 15, 2025 1:57 AM IST
ചെന്പേരി: ഈശോയുടെ വാക്കും പ്രവൃത്തിയും ഒന്നായിരുന്നുവെന്നും അതാണ് വ്യക്തിത്വമെന്ന വാക്കിന്റെ ഉദാഹരണമെന്നും കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. ചെന്പേരി ലൂർദ്മാതാ ബസിലിക്ക പള്ളിയിൽ നടക്കുന്ന തലശേരി അതിരൂപത "കൃപാഭിഷേകം' ബൈബിൾ കൺവൻഷന്റെ മൂന്നാം ദിനമായ ഇന്നലെ വൈകുന്നേരം നടന്ന സമൂഹബലി മധ്യേ സന്ദേശം നല്കുകയായിരുന്നു ബിഷപ്.
ഇന്നത്തെ സമൂഹത്തിൽ സഭ നൽകിയിരിക്കുന്ന വിശ്വാസ്യത എത്ര മാത്രം പാലിക്കപ്പെടാൻ കഴിയുന്നുണ്ടെന്ന് വൈദികരും സമർപ്പിതരും അല്മായരും സ്വയം വിലയിരുത്തേണ്ടതാണെന്ന് ബിഷപ് പറഞ്ഞു. വാക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല ക്രിസ്താനികളുടെ ജീവിതം. പ്രവൃത്തിയിൽ കൂടി അത് പ്രാവർത്തികമാക്കേണ്ടതാണ്. ഈശോ കാണിച്ചുതന്ന ജീവിതം നമ്മളും പുതുതലമുറയ്ക്ക് പകർന്നുനൽകി ക്രൈസ്തവ മാനവീകത പുലർത്തണം. വിശ്വാസ്യതയിൽ കൂടി മുന്നോട്ടുപോയാൽ മാത്രമേ ക്രിസ്തീയ ജീവിതം അർഥപൂർണമായി നയിക്കാൻ കഴിയൂ. അതിലൂടെ വാക്കും പ്രവൃത്തിയും ഒന്നാകും. പുതിയ നിയമത്തിലെ ഇസ്രായേൽ ജനതയുടെ ജീവിതമാണ് ഇപ്പോൾ വിശ്വാസികൾ നയിക്കേണ്ടത്. പഴയ നിയമത്തിലെ ഇസ്രായേൽ ജനത വഴി തെറ്റിപ്പോയപ്പോൾ അവരെ നേർവഴിക്ക് നയിക്കാൻ ഇടയാക്കിയത് പ്രാർഥനയും പ്രവാചകന്മാരുടെ ആത്മീയമൊഴികളുമാണെന്ന് മാർ പണ്ടാരശേരിൽ പറഞ്ഞു.
സമൂഹബലിയിൽ കരുണാലയം ഡയറക്ടർ ഫാ. ബിജു ചെന്നോത്ത്, വായാട്ടുപറന്പ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളിൽ, ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ജോസഫ് മഞ്ചപ്പള്ളിൽ, പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻ ക്നാനായ കത്തോലിക്ക വലിയ പള്ളി വികാരി ഫാ. ബേബി കട്ടിയാങ്കൽ എന്നിവർ സഹകാർമികരായിരുന്നു.
ബൈബിൾ കൺവൻഷന്റെ നാലാം ദിനമായ ഇന്നു രാവിലെ ഏഴു മുതൽ സ്പിരിച്വൽ ഷെയറിംഗ് കൗൺസിലിംഗും ഒന്പതു മുതൽ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കുന്ന വിടുതൽ ശുശ്രൂഷയും നടക്കും. വൈകുന്നേരം നാലിന് ജപമാല, 4.30ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി, തുടർന്ന് ആറു മുതൽ കൃപാഭിഷേകം ശുശ്രൂഷ.