ബേക്കറിയിൽ നിന്ന് സഹായനിധി പെട്ടി മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
1533033
Saturday, March 15, 2025 1:57 AM IST
കണ്ണൂർ: നഗരത്തിലെ ബേക്കറിയിൽ നിന്നും പണമടങ്ങിയ സഹായ നിധി പെട്ടി മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തയ്യിൽ സ്വദേശി ഷാരോണിനെയാണ് (23) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 നാണ് കേസിനാസ്പദമായ സംഭവം.
റെയിൽവേ സ്റ്റേഷന് സമീപത്തെ എംആർഎ ബേക്കറിയിൽ സ്ഥാപിച്ച വയനാട് മുസ്ലിം ഓർഫനേജിന്റെയും കണ്ണൂർ തണൽ വീടിന്റെയും സഹായ നിധിപെട്ടിയാണ് കവർന്നത്. രണ്ട് പേർ ബൈക്കിൽ എത്തി പണപ്പെട്ടികൾ കവർന്ന് ഓടുകയായിരുന്നെന്നായിരുന്നു പരാതി.
ഏകദേശം 6000രൂപയോളം മോഷണം പോയതായി പരാതിയിൽ പറയുന്നു. വ്യാഴാഴ്ച സംശയാസ്പദമായ രീതിയിൽ ഷാരോണിനെ വീണ്ടും ബേക്കറിയുടെ പരിസരത്ത് കണ്ടതിനെ തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ബേക്കറിയുടെ സമീപത്തെത്തിയപ്പോൾ പ്രതി ബൈക്കുമായി കടന്നുകളഞ്ഞെങ്കിലും മുനീശ്വരൻ കോവിലിന് സമീപത്ത് വച്ച് പിടികൂടുകയായിരുന്നു. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.