കാട്ടാനക്കലി വീണ്ടും; വീടുകളുടെ ഷെഡുകൾ തകർത്തു
1533032
Saturday, March 15, 2025 1:57 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകൾ വീണ്ടും ഭീതി പരത്തുന്നു. ഇന്നലെ രാത്രിയിൽ പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ ഭഗവതി മുക്കിന് സമീപത്തായി രണ്ടുവീടുകളുടെ വീടിനോട് ചേർന്ന ഷെഡുകളാണ് ആന തകർത്തത്. മൂന്ന് ഗ്രൂപ്പ് ആർആർടി സംഘം മേഖലയിൽ രാത്രി പെട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ആനയുടെ ആക്രമണത്തിന് യാതൊരു കുറവുമില്ല.
പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലാണ് നിരന്തരമായി വീടുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഏഴാം ബ്ലോക്കിലെ ജിത്തു- ശോഭ ദമ്പതികൾ താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡും കരുണാകരൻ ജാനകി ദമ്പതികളുടെ വീട്ടിനോട് ചേർന്നുള്ള ഷെഡുമാണ് തകർത്തത്. കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
സന്ധ്യമയങ്ങിയാൽ വീടിന് പുറത്ത് ഇറങ്ങാൻ കഴിയാതെ ഓരോ ദിവസവും ഭയന്നാണ് ഇവരുടെ ജീവിതം. മുറ്റത്തുനിന്നും ആനയുടെ ചിഹ്നം വിളികേട്ട് ഭയന്നാണ് കുട്ടികളടക്കം കഴിയുന്നത്. മഴക്കാലത്തിന് മുന്പ് വിറകും മറ്റും ശേഖരിച്ചുവയ്ക്കാൻ ടാർപ്പായകൊണ്ട് മറച്ചുക്കെട്ടി ഉണ്ടാക്കുന്ന ഷെഡുകളാണ് തകർത്തത്. വീട്ടുമുറ്റത്തോട് ചേർന്നുള്ള വാഴയും തെങ്ങും നശിപ്പിച്ചതിന് ശേഷമാണ് ഷെഡുകൾക്ക് നേരെയും ആക്രമണം ഉണ്ടായത്.
രണ്ടു മാസത്തിനിടയിൽ മേഖലയിൽ ആറോളം ഷെഡുകളും രണ്ടു വീടുകളുടെ വാതിലും ആന തകർത്തിട്ടുണ്ട്. വീടുകൾക്ക് നേരെയും ഷെഡുകൾക്ക് നേരെയും അക്രമണം കൂടി വരുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുകയാണ്. മേഖലയിൽ 200-ൽ അധികം കുടുംബങ്ങൾ ഷെഡുകളിലാണ് കഴിയുന്നത്. ആന ഒന്ന് തട്ടിയാൽ തകരുന്ന സുരക്ഷിതമല്ലാത്ത ഷെഡുകളാണിവ.
ഇന്നലെ പുലർച്ചെ അഞ്ചിനാണ് ജിത്തു - ശോഭ ദമ്പതികളുടെ വീടിനോട് ചേർന്ന ഷെഡ് ആന തകർക്കുന്നത്. രണ്ടാളും വീട്ടിൽനിന്നും ഓടി രക്ഷപ്പെടുകയായിരിന്നു.
ജിത്തുവിന്റെ വീടിന്റെ അടുക്കളയുടെ കതക് ആന തുമ്പിക്കൈ കൊണ്ട് അടിച്ചു തകർക്കാൻ ശ്രമിച്ചിരുന്നു. അടിയുടെ ആഘാതത്തിൽ വീടിന്റെ കതകിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.