ചന്ദനക്കാംപാറ,ആടാംപാറ, ഏലപ്പാറ മേഖലകളിൽ കാട്ടാനകളിറങ്ങി
1532696
Friday, March 14, 2025 12:50 AM IST
ചന്ദനക്കാംപാറ: പയ്യാവൂർ പഞ്ചായത്തിലെ വനമേഖലയോടു ചേർന്നുകിടക്കുന്ന ചന്ദനക്കാംപാറ, ആടാംപാറ,ഏലപ്പാറ മേഖലകളിൽ കാട്ടാനകളിറങ്ങി. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് കാട്ടാനകൾ ജനവാസമേഖലയിലെത്തിയത്. ചന്ദനക്കാംപാറ ടൗണിൽ ചാപ്പക്കടവിലും മാവുംതോടിന് സമീപവും എത്തിയ കാട്ടാന പാമ്പാറ സണ്ണിയുടെയും, മൈക്കിൾ കൊച്ചുകൈപ്പിലിന്റെയും പറമ്പുകളിൽ കയറിയിറങ്ങി.
പുലർച്ചെയാണ് കാട്ടാനയിറങ്ങിയ കാര്യം അറിയുന്നത്. രാത്രിയായതിനാൽ ആരും പുറത്ത് ഇറങ്ങിയില്ല. അറിഞ്ഞവർ പരസ്പരം ഫോൺ മുഖേന ജാഗ്രതാ നിർദേശം നൽകി. ഇന്നലെ പുലർച്ചെ 5.30 ഓടെ കാട്ടാന കാട്ടിലേക്ക് കയറിയത്. ഒന്നരമാസമായി വനാർതിർത്തിയിൽ നാലു കാട്ടാനകളുണ്ട്. വനംവകുപ്പ് സംഘം ജനവാസമേഖലയിലിറങ്ങാതിരിക്കാൻ തുരത്തുന്നതിനിടയിലാണ് ഒരു കാട്ടാന മാവുംതോട് ഭാഗത്ത് ഇറങ്ങിയത്.
ഇന്നലെ പുലർച്ചെ 12.30 ഓടെ ആടാംപാറയിലും കാട്ടാനയിറങ്ങി. ഒന്നാംപാലം വഴി ആടാംപാറ പള്ളിക്ക് സമീപം വരെ ആനയെത്തി. പുലർച്ചെ 4.30 ഓടെയാണ് കാട്ടാന വഞ്ചിയം ഭാഗത്ത് കാട്ടിലേക്ക് നീങ്ങിയത്. കാട്ടാനകൾ കാടുകയറിയെന്ന് കരുതിയപ്പോഴാണ് കാഞ്ഞിരക്കൊല്ലി ഏലപ്പാറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് മറ്റൊരു കാട്ടാനയെത്തിയത്. വനം വകുപ്പ് ടീം ഏറെ പാടുപെട്ട് കാട്ടാനകളെ കാടുകയറ്റിയത്. തൂക്കുവേലിക്ക് അകത്തുള്ള നാലു കാട്ടാനകൾ ഓരോ ദിവസവും ആശങ്ക വർധിപ്പിക്കുകയാണ്. കൻമദപ്പാറ ഭാഗത്തെയും മറ്റും കാടുകളിലാണ് കാട്ടാനകൾ കറങ്ങുന്നത്. ആനകളെ തുരത്താത്ത പക്ഷം വീണ്ടും ജനവാസ മേഖലകളിലെത്താനാണ് സാധ്യത. വാഴകൾ, റബർ മരങ്ങൾ, കപ്പ, ചേമ്പ്, ചേന, ഇഞ്ചി തുടങ്ങിയ കാർഷികവിളകൾ കാട്ടാന നശിപ്പിച്ചു.
പയ്യാവൂർ അതിർത്തിയിൽ കാട്ടാനയെ പേടിച്ച് കാർഷിക വിളകളും വീടും ഉപേക്ഷിച്ച് ജീവനു വേണ്ടി പാലായനം ചെയ്യുകയാണ് കർഷകർ. കൂട്ടത്തോടെ എത്തുന്ന കാട്ടാനകളെ നേരിടാൻ ഒരു മാർഗവുമില്ലാതെ ദുരിതമനുഭവിക്കുകയാണ് കർഷകർ. നേരത്തെ ആടാംപാറയിൽനിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറു കിലോമീറ്റർ നീളത്തിൽ സൗരോർജ വേലി നിർമിച്ചിരുന്നെങ്കിലും കാട്ടാന ശല്യം പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല.
ഏറെക്കാലമായി കാഞ്ഞിരക്കൊല്ലി, വഞ്ചിയം, ആടാംപാറ, അരീക്കാമല, ശാന്തിനഗർ, ചന്ദനക്കാംപാറ, ചിറ്റാരി, ചീത്തപ്പറ, ഏലപ്പാറ ഒന്നാംപാലം തുടങ്ങിയ മേഖലയിലുള്ളവർ കാട്ടാനശല്യം മൂലം പൊറുതിമുട്ടുകയാണ്.ആനയെ ഭയന്ന് രാത്രി പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് ഇവർ പറയുന്നു.