കന്റോൺമെന്റ് വിഭജനം നീളുന്നു; ജില്ലാ ഭരണകൂടം സമർപ്പിച്ച രൂപരേഖയോട് പട്ടാളത്തിന് താത്പര്യമില്ല
1532698
Friday, March 14, 2025 12:50 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: കന്റോൺമെന്റ് മേഖലയിലെ ജനവാസമേഖലകൾ സൈനിക താവളത്തിൽ നിന്ന് വേർപെടുത്തി കണ്ണൂർ കോർപറേഷന്റെ ഭാഗമാക്കുന്ന പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കളക്ടർ നൽകിയ രൂപരേഖയോട് കന്റോൺമെന്റ് അധികൃതർക്ക് താത്പര്യമില്ലാത്തതാണ് കാരണം.
ജനവാസ മേഖല കോർപറേഷിനിൽ ലയിപ്പിക്കുന്പോൾ പാർപ്പിടങ്ങളും തൊഴിലിടങ്ങളും പൊതുഇടങ്ങളും പൊതുവഴികളും ജില്ലാആശുപത്രിക്ക് ആവശ്യമായ ചുറ്റുപാടുമടക്കം ഉൾപ്പെടുന്ന കന്റോൺമെന്റ് ഭൂമി സംസ്ഥാന സർക്കാരിനും കോർപറേഷനും കൈമാറണമെന്ന ആവശ്യം നേരത്തെ പൊതുപ്രവർത്തകർ ഉന്നയിച്ചിരുന്നു. ഇക്കാര്യം ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ജില്ലാ ഭരണകൂടം കന്റോൺമന്റ് അധികൃതർക്ക് നൽകിയത്. എന്നാൽ ഏതെങ്കിലും എ-വൺ ലാൻഡോ വേക്കന്റ് ലാൻഡോ, ലീസ്ഡ് ലാന്റോ പൊതുവഴിയോ, കൈമാറുന്നതിനോട് പട്ടാള അധികൃതർക്ക് താത്പര്യമില്ലാത്തതിനാൽ കളക്ടർ സമർപ്പിച്ച രൂപരേഖ മാറ്റി വച്ച് വിഭജന പദ്ധതി നീട്ടിക്കൊണ്ടു പോകുകയാണ്.
വിഭജനം സംബന്ധിച്ച് ഡിഎസ്സി തയാറാക്കി ജില്ലാഭരണകൂടത്തിന് സമർപ്പിച്ച പദ്ധതിയോടു പ്രതികരിച്ചുകൊണ്ടുള്ള റിപ്പോർട്ട് സ്പെഷ്യൽ തഹസിൽദാർ കണ്വീനറായുള്ള ഒരു ഉദ്യോഗസ്ഥ കമ്മറ്റിയാണ് പ്രാഥമികമായി തയാറാക്കിയിരുന്നത്. നേരത്തെ തയാറായിക്കയ ഈ രൂപരേഖയിൽ പരിഷ്കരണം നടത്തി കളക്ടർ ഡിഎസ്സിയുടെ പദ്ധതി രേഖയോടൊപ്പം സർക്കാരിനും സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാരും ഇക്കാര്യത്തിൽ വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്നും ആരോപണമുണ്ട്.
അടുത്തിടെ വിഭജന പദ്ധതിക്ക് വീണ്ടും ജീവൻ വെപ്പിക്കാനായി ഉന്നതതല കമ്മിറ്റിയോഗം വിളിച്ചുവെങ്കിലും യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന റവന്യു കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവർ പങ്കെടുക്കാതെ പകരം കീഴുദ്യോഗസ്ഥരെ അയക്കുകയാണ് ചെയ്തത്. സർക്കാരിന്റെ താത്പര്യകുറവാണ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കേണ്ട യോഗത്തിൽ കീഴുദ്യോഗസ്ഥരെ അയച്ചതെന്നാണ് ആരോപണം.
അതിനിടെ കന്റോൺമെന്റ് വിഭജന പദ്ധതി സംബന്ധിച്ച് നിലവിൽ ജനവിരുദ്ധ ധാരണ ഉണ്ടാക്കുന്ന അവസ്ഥയാണെന്നും ഒട്ടും സുതാര്യമല്ലാത്ത രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും പബ്ലിക് ഹിയറിംഗ് നടത്തണമെന്നും മനുഷ്യാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെയർപേഴ്സൺ ജോർജ് ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകി.
ബഹുജന പ്രക്ഷോഭത്തെ തുടർന്ന് പട്ടാളവും ജില്ലാ ഭരണകൂടവും തമ്മിലുണ്ടാക്കിയ ധാരണ വരും കാലങ്ങളിലും നിലനിർത്തണമെന്നും മനുഷ്യാവകാശ കൂട്ടായ് നിവേദനത്തിൽ ആവശ്യപ്പെട്ടു.