വേനൽ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം
1532689
Friday, March 14, 2025 12:50 AM IST
ചെറുപുഴ: കഴിഞ്ഞ ദിവസം പെയ്ത മഴയിലും കാറ്റിലും ചെറുപുഴ പഞ്ചായത്തിൽ പലയിടങ്ങളിലും വ്യാപകമായ കൃഷി നാശം. കുലച്ച വാഴകളും കമുകുകളുമാണ് അധികവും നിലം പൊത്തിയത്. ഊമലയിലുള്ള ജോർജ് വടവനയുടെ 25 ഓളം വാഴകളും കമുകുകളും പൂർണമായും നശിച്ചു.
ഇടവരമ്പിലുള്ള കാനാ രാജഗോപാലന്റെ 25 ഓളം വാഴകളും നശിച്ചു. കൃഷിഭവന്റെ നിർദേശപ്രകാരം ശാസ്ത്രീയമായി കൃഷി ചെയ്തിരുന്ന പാകമായാൽ 30 കിലോ വരെ തൂക്കം വരുന്ന വാഴകളാണ് നശിച്ചതെന്ന് സ്ഥലം സന്ദർശിച്ച ചെറുപുഴ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു. ഇൻഷ്വർ ചെയ്ത വാഴകളായത് കൊണ്ട് ഇൻഷ്വറൻസ് പരിരക്ഷ നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേനൽ മഴയിൽ ഏകദേശം രണ്ട് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
വീടിന്റെ മേൽക്കൂര
തകർന്നു
ചെറുപുഴ: വേനൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു. ചെറുപുഴ പഞ്ചായത്തിലെ 15-ാം വാർഡിൽപ്പെട്ട കക്കോട് ചപ്പാരംതട്ടിൽ വാഴപ്പിള്ളി ഷാജിയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ആർക്കും പരിക്കില്ല.