സംരംഭക മേഖലയിലും മാതൃകയായി ഹരിതകർമ സേന
1532697
Friday, March 14, 2025 12:50 AM IST
കണ്ണപുരം: സംരംഭക മേഖലയിലും ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തി കണ്ണപുരം പഞ്ചായത്തിലെ സംരംഭക കൂട്ടയ്മയായ ഹരിതശ്രീ. കണ്ണപുരത്തെ 22 അയൽക്കൂട്ടം സ്ത്രീകളാണ് എഴു സംരംഭങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ് തുണികൾ കൊണ്ട് നിർമിക്കുന്ന ചെടിച്ചട്ടികൾ, എൽ ഇ ഡി ബൾബ് റിപ്പയറിംഗ്, തുണി സഞ്ചി നിർമാണം, ഇനോക്കുലം, ഡിഷ് വാഷിംഗ് നിർമാണ യൂണിറ്റ്, ഹരിത ശ്രീ ക്ലീനിംഗ് യൂണിറ്റ്, ഹരിത മാംഗല്യം എന്നിങ്ങനെ എഴു സംരംഭങ്ങൾ ആറു വർഷമായി കണ്ണപുരം പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സാമ്പത്തിക സഹായവും സംരംഭകർക്ക് ലഭിക്കുന്നുണ്ട്.
അത്യാധുനിക മെഷീൻ സൗകര്യം ഉപയോഗിച്ചുള്ള ക്ലീനിങ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സംരംഭങ്ങളിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ഒന്നാണെന്ന് കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. രതി പറഞ്ഞു. ഹരിതകർമ സേന കൺസോർഷ്യം പ്രസിഡന്റ് കെ നിഷിത, സെക്രട്ടറി കെ.വി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഹരിത ശ്രീ പ്രവർത്തനങ്ങൾ നടക്കുന്നത്.