ആലക്കോട് പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായില്ല
1532692
Friday, March 14, 2025 12:50 AM IST
ആലക്കോട്: യുഡിഎഫ് ഭരിക്കുന്ന ആലക്കോട് പഞ്ചായത്തിൽ പ്രസിഡന്റ് കോൺഗ്രസിലെ ജോജി കന്നിക്കാട്ടിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചില്ല. ഭൂരിപക്ഷ അംഗങ്ങൾ വിട്ടുനിന്നതിനെത്തുടർന്ന് ക്വാറം തികയാത്തതിനാൽ പ്രമേയം പരിഗണിച്ചില്ല.
പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന് 11 അംഗങ്ങളും എൽഡിഎഫിന് പത്തും അംഗങ്ങളാണുള്ളത്.
പഞ്ചായത്ത് പ്രസിഡന്റും മുസ്ലീം ലീഗും തമ്മിലുള്ള ഭിന്നത യുഡിഎഫ് നേതൃത്വം ഇടപെട്ട് ചർച്ച നടത്തി പരിഹരിച്ചിരുന്നു. ലീഗ് പ്രസിഡന്റിനെതിരെ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. തുടർന്നാണ് എൽഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
യുഡിഎഫിലെ 11 അംഗങ്ങളിൽ പരപ്പ വാർഡിൽ നിന്ന് വിജയിച്ച അംഗം ദീർഘകാലമായി രോഗബാധിതയായി കിടപ്പിലായതിനാൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതാണ് മറ്റ് അംഗങ്ങളും മാറി നിൽക്കാൻ കാരണം.
അവിശ്വാസപ്രമേയത്തെ നേരിടാതെ യുഡിഎഫ് ഒളിച്ചോടിയെന്നാരോപിച്ച് എൽഡിഎഫ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
പഞ്ചായത്തംഗം കെ.പി. സാബു നേതൃത്വം നൽകി. അവിശ്വാസത്തെ നേരിടാൻ യുഡിഎഫിന് സാധിക്കാത്തതുകൊണ്ട് പഞ്ചായത്ത് ഭരണം രാജിവക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.
ഇന്ന് വൈകുന്നേരം 4.30 ന് ആലക്കോട് ടൗണിൽ വിശദീകരണ യോഗം നടക്കും.