ആറളം ഫാമിൽ കള്ളുചെത്തു തൊഴിലാളിയെ ചുഴറ്റിയെറിഞ്ഞു
1532695
Friday, March 14, 2025 12:50 AM IST
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഫാം മൂന്നാം ബ്ലോക്കിലെ ചെത്തു തൊഴിലാളിയായ ആറളം ചെടിക്കുളത്തെ തേക്കിലെക്കാട്ടിൽ ടി.കെ. പ്രസാദി(50)നെയാണ് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകളും താടിയെല്ലും തോളെല്ലും തകർന്ന പ്രസാദിനെ ഇന്നലെ രാവിലെയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വാരിയെല്ല് തകർന്ന് ശ്വാസകോശത്തിനു പരിക്കേറ്റതായി ഡോക്ടർമാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രസാദിന്റെ അപകടനില തരണം ചെയ്യണമെങ്കിൽ 48 മണിക്കൂർ കഴിയണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ബുധനാഴ്ച വൈകുന്നേരമാണ് പ്രസാദ് ഫാം മൂന്നാം ബ്ലോക്കിൽ തെങ്ങ് ചെത്താനായി പോയത്. രാത്രി വൈകിയും എത്താഞ്ഞതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും എടുത്തിരുന്നില്ല. ഇന്നലെ രാവിലെ മേഖലയിൽ കള്ള് ചെത്താൻ എത്തിയ മറ്റൊരു തൊഴിലാളിയായ സുരേഷാണ് ഫാമിന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്ന ഭാഗത്ത് അവശനിലയിൽ പ്രസാദിനെ കണ്ടെത്തിയത്. ആന ആക്രമിച്ച സ്ഥലത്തുനിന്നും അല്പദൂരം പ്രസാദ് സഞ്ചരിച്ചിരുന്നുന്നതായി അനുമാനിക്കുന്നു.
ആന പിന്നിൽനിന്നും പിടിച്ച് ചുഴറ്റിയെറിഞ്ഞുവെന്ന് പ്രസാദ് പറഞ്ഞതായി സുരേഷ് വെളിപ്പെടുത്തി. താടിയെല്ലിന് പരിക്കുപറ്റിയ പ്രസാദിന് സംസാരിക്കാൻ കഴിയുന്നില്ല. ബുധനാഴ്ച വൈകുന്നേരം 6.30 വരെ പ്രസാദിനെ കൃഷിയിടത്തിൽ കണ്ടിരുന്നതായും പറയപ്പെടുന്നു. സഹപ്രവർത്തകർ വിളിച്ചപ്പോൾ കുറച്ചുകഴിഞ്ഞ് വരാമെന്ന് പറഞ്ഞതായി സഹപ്രവർത്തകർ പറയുന്നു.
പ്രസാദിനെ കാണാതായ വിവരം ബന്ധുക്കളോ നാട്ടുകാരോ പോലീസിന്റെയോ വനം വകുപ്പിന്റെയോ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല. ആനശല്യം രൂക്ഷമായതിനാൽ ഫാമിന്റെ എല്ലാ ബ്ലോക്കുകളിലൂടേയും വനം വകുപ്പിന്റെ രാത്രികാല പരിശോധനയും മറ്റുമുണ്ടാകാറുണ്ട്. ഒരാഴ്ച മുമ്പ് ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്ന് മേഖലയിൽ വനംവകുപ്പിന്റെ സ്ഥിരം സാന്നിധ്യവും അധികൃതർ ഉറപ്പാക്കിയിരുന്നു.
പ്രസാദ് സംസരിച്ച് തുടങ്ങിയാൽ മാത്രമേ യഥാർഥത്തിൽ എന്താണ് നടന്നതെന്ന് അറിയാൻ കഴിയുകയുള്ളൂ. ഇതിനിടയിൽ ബന്ധുക്കൾ പ്രസാദിന് മികച്ച ചികിത്സ നൽകാനായി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ ഉപദേശം തേടിയിരുന്നു. സംഭവത്തിൽ വനംവകുപ്പും പോലീസും അന്വേഷണം ശക്തമാക്കി.