ലോറി അപകടം: മുട്ടത്തോടുകൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും
1386307
Tuesday, January 16, 2024 8:10 AM IST
കണ്ണൂർ: മുഴപ്പിലങ്ങാട് ദേശീയപാതയിൽ മുട്ട ലോറി മറിഞ്ഞ് നശിച്ച മുട്ടയുടെ തോടുകൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. മുട്ടത്തോടുകളിലെ കാത്സ്യം കോഴിത്തീറ്റയിൽ ചേർത്തുപയോഗപ്പെടുത്തുന്നതിനായാണ് ഇവ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
ഞായറാഴ്ച രാവിലെ ഏഴോടെ മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിലായിരുന്നു അപകടം. ലോറി മറിഞ്ഞ് ഒന്നരലക്ഷത്തോളം മുട്ടയാണ് നശിച്ചത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തമിഴ്നാട് നാമക്കലിൽ നിന്ന് കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന മത്സ്യലോറിയെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ സോമ സുന്ദരം മാത്രമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. തലശേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് ലോറി റോഡിൽ നിന്ന് മാറ്റി റോഡ് കഴുകി വൃത്തിയാക്കിയത്.