മണലൂരിൽ വീണ്ടും മോഷണം
1545473
Saturday, April 26, 2025 1:08 AM IST
കാഞ്ഞാണി: ദിവസങ്ങൾക്കുള്ളിൽ മണലൂരിൽ വീണ്ടും മോഷണം. രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. കാഞ്ഞാണി തൃക്കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിന്റേയും മണലൂർ കണ്ടങ്ങത്ത് ഭദ്രകാളി ക്ഷേത്രത്തിന്റേയും ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത് .
ഇന്നലെ രാത്രിയിലാണ് രണ്ട് ക്ഷേത്രങ്ങളുടെയും ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചിട്ടുള്ളത്. രാവിലെ ക്ഷേത്രജീവനക്കാർ എത്തിയപ്പോഴാണ് മോഷണശ്രമം കണ്ടെത്തിയത്. ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചതായി കരുതുന്ന വലിയ പിക്കാസ് സമീപത്തുനിന്നു കണ്ടെത്തി. ക്ഷേത്രഭാരവാഹികൾപോലിസിനെ അറിയിച്ചതിനെതുടർന്ന് പോലിസെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളതിനാൽ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞവർഷം സമീപത്തെ ക്ഷേത്രത്തിലും ഓടുപൊളിച്ചുകയറി മോഷണം നടന്നിരുന്നു.
മണലൂർ ഗ്രാമപഞ്ചായത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രികരിച്ചുള്ള മോഷണം വ്യാപകമായിരിക്കുകയാണ്. കാരമൂക്ക് പുതൃക്കോവ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നാലുതവണയും കഴിഞ്ഞദിവസം കരിക്കൊടി വെണ്ണക്കൽ ക്ഷേത്രത്തിലും മോഷണശ്രമം നടന്നിരുന്നു.