ചെറുതുരുത്തി തോമസ് വധത്തിന് 25 വയസ്; പുനരന്വേഷണം വേണമെന്നു കുടുംബം
1545160
Friday, April 25, 2025 1:18 AM IST
വടക്കാഞ്ചേരി: ചെറുതുരുത്തി തോമസ് വധക്കേസിന് ഇന്ന് 25 വർഷം തികയുന്നു. കാൽനൂറ്റാണ്ടു പിന്നിട്ടിട്ടും കുറ്റവാളികൾ ഇപ്പോഴും കാണാമറയത്തുതന്നെ. ആദ്യം പോലീസും തുടർന്ന് സിബിഐയും കേസ് അന്വേഷിച്ചിട്ടും യാഥാർഥ്യം കണ്ടെത്താനായില്ല. സിബിഐയിലും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കേസ് പുനരന്വേഷിക്കണമെന്ന് വടക്കാഞ്ചേരി പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തോമസിന്റെ സഹോദരനും പൗരസമിതി പ്രസിഡന്റും ആവശ്യപ്പെട്ടു.
2000 ഏപ്രിൽ 25 രാത്രി എട്ടോടെയാണ് ചെറുതുരുത്തി ചുങ്കത്തുള്ള നാദം കാസറ്റ് കടയിൽ വച്ച് ഉടമയായ തോമസിനു വെടിയേൽക്കുന്നത്. ചെറുതുരുത്തി സ്വദേശിയും പാണ്ടിക്കാട്ട് സ്പെഷൽ റാപ്പിഡ് ആക്്ഷൻ ഫോഴ്സ് കമാൻഡന്റുമായിരുന്ന പോലീസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ സെക്യൂരിറ്റി ഗാർഡ് റൈനോൾഡ് ബി. ഫെർണാണ്ടസിന്റെ കൈവശമിരുന്ന സർവീസ് തോക്കിൽ നിന്നുള്ള വെടിയുണ്ടയാണു തോമസിന്റെ ജീവനെടുത്തത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കകമായിരുന്നു മരണം. വെടിയുണ്ട വായിലൂടെ തുളഞ്ഞുകയറിയതിനാൽ മരണമൊഴിയും ലഭിച്ചില്ല. തോമസിനു വെടിയേറ്റ ഉടനെ റൈനോൾഡ് കടയിൽനിന്നു പുറത്തേക്കോടിയിറങ്ങി ഉടൻ വെടിയേറ്റു വീണു. ആരെയും താൻ വെടിവച്ചിട്ടില്ലെന്നും ആരാണു തന്നെ വെടിവച്ചതെന്ന് അറിയില്ലെന്നുമായിരുന്നു റൈനോൾഡിന്റെ മൊഴി.
സംശയങ്ങൾക്ക് കടുപ്പിച്ചത് സംഭവം നടന്നയുടനെ പോലീസ് സൂപ്രണ്ട് രാധാകൃഷ്ണൻ കടയിലെത്തി വെടിയേറ്റ സെക്യൂരിറ്റി ഗാർഡിനെ എടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയതാണ്. കൊലപാതകകാരണമായ തോക്കും എസ്പി കൊണ്ടുപോയി. ആത്മഹത്യയെന്നാണു പോലീസ് ഒടുവിൽ എത്തിചേർന്ന നിഗമനം.
എന്നാൽ വടക്കാഞ്ചേരി കോടതി കുറ്റപത്രം സ്വീകരിക്കാതെ മടക്കി. സംശയസ്ഥാനത്ത് പോലീസ് സൂപ്രണ്ട് കൂടി ഉൾപ്പെട്ടതിനാൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപ്പിച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവായതിനെത്തുടർന്ന് ചെന്നൈ യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു. എന്നാൽ സിബിഐ വാദങ്ങൾ വിചാരണകോടതിയിൽ പരാജയപ്പെടുകയും ഏക പ്രതിയായ റൈനോൾഡ് മോചിതനാവുകയും ചെയ്തു. ഹൈക്കോടതി സിംഗിൾ ബഞ്ചിലും ഡിവിഷൻ ബഞ്ചിലും സുപ്രീംകോടതിയിലും പരാജയമായിരുന്നു ഫലം.
തോമസ് വധക്കേസിൽ സിബിഐ അന്വേഷണം ഫലപ്രദമല്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണമെന്നും വാർത്താസമ്മേളനത്തിൽ പൗരസമിതി പ്രസിഡന്റ് ശ്രീധരൻ തേറന്പിൽ ആവശ്യപ്പെട്ടു. വാർത്താസമ്മളനത്തിൽ തോമസിന്റെ സഹോദരൻ ആന്റോയും പങ്കെടുത്തു.