രണ്ടാംഘട്ടമായി 5.68 കോടി ധനസഹായം
1545174
Friday, April 25, 2025 1:18 AM IST
തൃശൂർ: കാലവർഷക്കെടുതിയിൽ വീടുകൾക്കു നാശംസംഭവിച്ചവർക്കു വിതരണംചെയ്യാൻ 5.68 കോടികൂടി അനുവദിച്ചു. 23നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനമെന്നു റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. 2024-ലെ കനത്ത മഴയിൽ വീടുകൾക്കു വൻതോതിൽ നാശം സംഭവിച്ചിരുന്നു. എസ്ഡിആർഎഫ് വിഹിതമായി 8.88 കോടി നേരത്തേ അനുവദിച്ചിരുന്നു.
പ്രത്യേക ദുരന്തമായി സർക്കാർ അംഗീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾക്കാണ് എസ്ഡിആർഎഫ് വിഹിതത്തോടൊപ്പം സിഎംഡിആർഎഫിൽനിന്നുള്ള വിഹിതംകൂടി ചേർത്തു പരമാവധി തുക അനുവദിക്കുന്നത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തൃശൂർ ജില്ലയിലെ വീടുകൾക്കുണ്ടായ കനത്ത നാശനഷ്ടം പരിഗണിച്ച് പ്രത്യേക ദുരന്തമായി അംഗീകരിച്ച് പരമാവധി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്കു സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അനുവദിച്ച ആകെ തുക 14.56 കോടിയാകുമെന്നും 1810 കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞതു 15 ശതമാനം നാശമുണ്ടായ വീടുകൾക്കാണ് സഹായം. 70 ശതമാനത്തിനു മുകളിൽ നാശം സംഭവിച്ച വീടുകൾക്കു പൂർണമായി നഷ്ടം കണക്കാക്കിയാണു തുക അനുവദിച്ചത്. നാലു ലക്ഷം രൂപ ഇവർക്കു ലഭിക്കും. 1,80,000 രൂപ മാത്രമാണ് എസ്ഡിആർഎഫ് വിഹിതം. ശേഷിക്കുന്ന 2,20,000 രൂപ സിഎംഡിആർഎഫിൽനിന്നാണു നൽകുന്നതെന്നും മന്ത്രി പറഞ്ഞു.