കഞ്ചാവുകേസ്: ഒരാള്‍കൂടി പിടിയില്‍
1545468
Saturday, April 26, 2025 1:07 AM IST
കൊടകര: കഴിഞ്ഞദിവസം വാസുപുരത്തുനിന്ന് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കൊടകര പോലീസ് പിടികൂടി.
മറ്റത്തൂര്‍ ഓളിപ്പാടം സ്വദേശി കൊളത്തൂര്‍ രഞ്ജു(40)വിനെയാണ് ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കൊടകര - വെള്ളിക്കുളങ്ങര റോഡില്‍ വാസുപുരത്തിനുസമീപം നടത്തിയ പരിശോധനയില്‍ കാല്‍കിലോ കഞ്ചാവുമായി ബിബിന്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.
അന്വേഷണത്തില്‍ രഞ്ജുവിനുവേണ്ടിയാണ് ബിബിന്‍ കഞ്ചാവ് കൊണ്ടുവന്നതെന്നും കഞ്ചാവ് കൊണ്ടുവന്നതിന് ഉപയോഗിച്ച സ്കൂട്ടര്‍ രഞ്ജുവിന്റെതാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് രഞ്ജുവിനെ കേസിലെ രണ്ടാംപ്രതിയായി ചേര്‍ത്ത് പിടികൂടിയത്. രഞ്ജുവിനെ പോലീസ് നീരിക്ഷിക്കുന്നതായി മനസിലാക്കിയതിനെ തുടര്‍ന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനായി ബിബിനെ അയക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പിടിയിലായ രഞ്ജു വെള്ളിക്കുളങ്ങര, കൊടകര, കാട്ടൂര്‍, കൊരട്ടി, വെള്ളിക്കുളങ്ങര സ്റ്റേഷനുകളിലും പാലക്കാട് എക്സൈസ് ഓഫീസിലുമായി നിരവധി ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും തമിഴ്നാട് ദിണ്ഡിഗല്‍ മൂലനൂര്‍ പോലീസ് സ്റ്റേഷനില്‍ 12 കിലോ കഞ്ചാവുമായി രഞ്ജുവിനെ നേരത്തെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.