വയോധികദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
1545411
Friday, April 25, 2025 11:16 PM IST
വാടാനപ്പിള്ളി: നടുവിൽക്കരയിൽ വയോധികദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബോധാനന്ദവിലാസം എൽപി സ്കൂളിനു പടിഞ്ഞാറ് കൊടുവത്തുപറമ്പിൽ പ്രഭാകരൻ (72), ഭാര്യ കുഞ്ഞിപ്പെണ്ണ് (75) എന്നിവരാണ് മരിച്ചത്. കിടപ്പുരോഗിയായിരുന്ന കുഞ്ഞിപ്പെണ്ണിനെ വീടിനുള്ളിൽ കട്ടിലിലും പ്രഭാകരനെ വീടിന്റെ മുറ്റത്തുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പരിശോധനയുടെ ഭാഗമായി പാലിയേറ്റീവ് പ്രവർത്തകർ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം സമീപനിവാസിയെയും കൂട്ടി വീട്ടിലെത്തി അകത്തുകയറി നോക്കിയപ്പോഴാണ് കുഞ്ഞിപ്പെണ്ണിനെ മരിച്ചനിലയിൽകണ്ടത്. തുടർന്നു പ്രഭാകരനെ അന്വേഷിച്ചപ്പോഴാണ് വീടിന്റെ മുറ്റത്തു കിഴക്കുഭാഗത്തായി പ്രഭാകരനെയും മരിച്ചുകിടക്കുന്നതായി കണ്ടത്.
വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി. ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തു തടിച്ചുകൂടി. ഡിവൈഎസ്പി വി.കെ. രാജു, വാടാനപ്പിള്ളി സിഐ ബി.എസ്. ബിനു, എസ്ഐമാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിൽ പോലിസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധനയ്ക്കെത്തിയിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ കുഞ്ഞിപ്പെണ്ണ് മരിച്ചതാകാമെന്നാണ് പോലിസ് നിഗമനം. സമീപം പാത്രത്തിൽ ചോറും ഉണ്ടായിരുന്നു. ഭാര്യ മരിച്ചതോടെ സമീപവാസികളെ അറിയിക്കാനുള്ള ഓട്ടത്തിനിടെ പ്രഭാകരൻ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നുമാണ് പോലിസ് പറയുന്നത്.
മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി സന്ധ്യയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ.
ഇണപിരിയാത്ത ദമ്പതികളായിരുന്നു പ്രഭാകരനും കുഞ്ഞിപ്പെണ്ണും. മാങ്ങ പൊട്ടിച്ച് കണ്ടശാംകടവ് മാർക്കറ്റിൽ കൊണ്ടുപോയി വിൽപ്പന നടത്തിവന്നിരുന്നു. മക്കളില്ലാത്തതിനാൽ ഇരുവരും ഒരുമിച്ചായിരുന്നു മാങ്ങപൊട്ടിക്കലും നടപ്പും. ഇണപിരിയാത്ത ദന്പതികൾ മരണത്തിലും ഒന്നിച്ചു