ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തിയുടെ മട്ടുപ്പാവിൽ പഴവർഗങ്ങളുടെ നൂറുമേനി
1545157
Friday, April 25, 2025 1:18 AM IST
ഗുരുവായൂർ: വീടിന്റെ മട്ടുപ്പാവിൽ പഴവർഗങ്ങളിൽ നൂറുമേനി വിളയിച്ച് ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി. അപൂർവ ഇനം ഉൾപ്പെടെ പഴവർഗങ്ങൾ വിളയിക്കുകയാണ് കീഴ്ശാന്തി കൊടയ്ക്കാട് വാസുദേവൻ നന്പൂതിരി. ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്ത് എട്ടുസെന്റ് സ്ഥലത്തും 1500 ചതുരശ്ര അടി വീടിന്റെ മട്ടുപ്പാവിലുമായി 25 ഇനം പഴവർഗങ്ങളാണു കൃഷി ചെയ്യുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിലെ പൂജയും മറ്റു ജോലിയും കഴിഞ്ഞാൽ മണിക്കൂറുകളോളം അദ്ദേഹം ചെലവഴിക്കുന്നതു മട്ടുപ്പാവ് കൃഷിക്കുവേണ്ടിയാണ്. ആപ്പിൾ, റംബൂട്ടാൻ, ഡ്രാഗണ്‍ ഫ്രൂട്ട്, എലന്തപ്പഴം, അന്പഴങ്ങ, വിവിധതരം പേരയ്ക്കകൾ, കുരുവില്ലാത്ത ചക്ക, വെള്ള ഞാവൽ, ബുഷ് ഓറഞ്ച്, മൾബറി, സപ്പോട്ട, വിവിധതരം ചാന്പക്ക, വിവിധതരം മാങ്ങകൾ തുടങ്ങിയവയാണ് ഇവിടെ വിളഞ്ഞുനിൽക്കുന്നത്.
അപൂർവ ഇനങ്ങളായ വിയറ്റ്നാം മാൾട്ട, നാഗ്പൂർ ഓറഞ്ച്, നാംഡോക് മൈ മാന്പഴം, അർക്ക കിരണ്‍ പേരക്ക, മധുരമുള്ള ലൂബി തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. ഡ്രമ്മിൽ മണ്ണു നിറച്ചാണു കൃഷി. സ്വന്തമായി ജൈവവളവും ജൈവ കീടനാശിനിയും തയാറാക്കിയാണു പരിപാലനം. നാലു വർഷത്തിലേറെയായി അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.
പഴങ്ങൾക്കുപുറമെ ചെറിയ രീതിയിൽ പച്ചക്കറികൃഷിയും ഉണ്ട്. പഴങ്ങൾ സുഹൃത്തുക്കൾക്കും അയൽവാസികൾക്കും നൽകും. വിദ്യാർഥിയും കീഴ്ശാന്തിയുമായ മകൻ ശ്രീരാഗ് എല്ലാ പിന്തുണയുമായി കൂടെയുണ്ട്. മികച്ച കർഷകനുള്ള നഗരസഭയുടെ പുരസ്കാരം വാസുദേവൻ നന്പൂതിരിക്കു ലഭിച്ചിട്ടുണ്ട്. കർഷകസംഘം ഭാരവാഹിയുമാണ് അദ്ദേഹം.