ഒട്ടേറെ ക്രിമിനൽകേസിൽ പ്രതിയായ യുവാവ് വധശ്രമക്കേസിൽ റിമാൻഡില്‍
1545167
Friday, April 25, 2025 1:18 AM IST
കൊരട്ടി: ഒട്ടേറെ ക്രിമിനൽകേസിൽ പ്രതിയായ യുവാവ് വധശ്രമക്കേസിൽ റിമാൻഡിലായി.
കൊരട്ടി ചെറുവാളൂർ കള്ള് ഷാപ്പിലെ മാനേജരെ ചില്ലിന്റെ കുപ്പികൊണ്ടും ചില്ല് ഗ്ലാസ് കൊണ്ടും തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കാടുകുറ്റി പാറയം കോളനിയിൽ കക്കാട്ടിവീട്ടിൽ വിജിത്ത്(36) എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30 മണിയോടെ ചെറുവാളൂരിലുള്ള കള്ള് ഷാപ്പിൽ വച്ചാണ് സംഭവം. വിജിത്ത് ഷാപ്പിലെത്തി കള്ളുകുടിക്കുന്ന സമയം ഷാപ്പിൽ ഉണ്ടായിരുന്നവരേയും മാനേജരെയും അസഭ്യംപറഞ്ഞപ്പോൾ മാനേജർ ഷാപ്പിൽനിന്നു ഇറങ്ങിപ്പോകാൻ പറഞ്ഞതിലുള്ള വിരോധംവച്ച് ഭീഷണിപ്പെടുത്തി, ഷാപ്പിലെ കുപ്പിയും ഗ്ലാസും എടുത്ത് മാനേജരുടെ തലയിൽ അടിക്കുകയായിരുന്നു. സാരമായി മുറിവേറ്റ മാനേജർ പതിനാറോളം തുന്നലുകളുമായി അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം മുങ്ങിയ വിജിത്തിനെ രാത്രിതന്നെ പോലീസ് പിടികൂടി. 2020ൽ എബിൻ എന്നയാളെ കൊരട്ടി കട്ടപ്പുറത്തുവച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോളാണ് ഈ കേസിൽ ഉൾപ്പെട്ടത്.
പത്തിലേറെ കഞ്ചാവ് കേസുകളിൽ പ്രതിയാണ്. സംഭവത്തിനുശേഷം ഒളിവിൽപോകാൻ ശ്രമിക്കവേ പഴുതടച്ച നീക്കത്തിലൂടെയാണ് മണിക്കൂറുകൾക്കകം പിടികൂടിയത്.
അന്വേഷണസംഘത്തിൽ എസ്ഐമാരായ ഒ.ജി. ഷാജു, എൻ.എസ്. റെജിമോൻ, സി.പി. ഷിബു, എഎസ്ഐ മാരായ കെ.സി. നാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടോമി വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം പി.ആന്റണി, ജിതിൻ ജെൻസൺ എന്നിവരും ഉണ്ടായിരുന്നു.