കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ അന്തരിച്ചു
1545413
Friday, April 25, 2025 11:23 PM IST
എരുമപ്പെട്ടി: പ്രസിദ്ധ കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചിന് തൃശൂർ അമല മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം.
കലാമണ്ഡലം അപ്പുകുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ പ്രധാനിയായിരുന്നു നാരായണൻ നായർ. ചിട്ട വിടാതെയുള്ള വാദന ശൈലി ഇദ്ദേഹത്തെ മറ്റുള്ള മദ്ദള വിദ്വാന്മാരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നു. ഇക്കഴിഞ്ഞ കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം ആയിരുന്നു അവസാനത്തെ അരങ്ങ്.
കേരള കലാമണ്ഡലം അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, നിരവധി കഥകളി ക്ലബുകളുടെ അവാർഡുകൾ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് അടക്കം 50 ൽ പരം വിദേശ രാജ്യങ്ങളിൽ തന്റെ കലാ സപര്യ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
രണ്ടു വർഷം മുന്പ് അന്തരിച്ച പ്രസിദ്ധ ഓട്ടൻ തുള്ളൽ കലാകാരി കലാമണ്ഡലം ദേവകി ടീച്ചറായിരുന്നു പത്നി. ദീർഘകാലം ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ കലാനിലയം, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു. പത്നി ദേവകിയോടൊപ്പം അഹമ്മദാബാദ് ദർപ്പണയിലും തുടർന്ന് നാട്ടിൽ നെല്ലുവായി ശ്രീ ധന്വന്തരി കലാക്ഷേത്രത്തിലും അധ്യാപനായിരുന്നതുവഴി നിരവധി ശിഷ്യരെ കലാലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്.
കേരളത്തിലെ പ്രശസ്തരായ നിരവദി മദ്ദള വിദ്വാൻമാർ നാരായണൻ നായരുടെ ശിഷ്യ സമ്പത്തിലുണ്ട്.
സംസ്കാരം നടത്തി. മക്കൾ: പ്രസാദ്, പ്രസീദ. മരുമക്കൾ: രാജശേഖരൻ നെല്ലുവായ്, കലാമണ്ഡലം സംഗീത.