ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1545471
Saturday, April 26, 2025 1:08 AM IST
കൊറ്റനല്ലൂര്‍ ഫാത്തിമമാതാ ദേവാലയം
ഇടവകമധ്യസ്ഥയായ പരിശുദ്ധ ഫാത്തിമമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. പോള്‍ എ. അമ്പൂക്കന് തിരുനാളിന്റെ കൊടിയേറ്റു നിര്‍വഹിച്ചു.
അമ്പെഴുന്നള്ളിപ്പുദിനമായ ഇന്നു രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അമ്പ് വള വെഞ്ചരിപ്പ്, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവ നടക്കും. രാത്രി 10ന് യൂണിറ്റുകളുടെ അമ്പ് എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും. തിരുനാള്‍ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിപിന്‍ കുരിശുതറ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ സന്ദേശം നല്‍കും. ഫാ. ആല്ബിന് കൂനമ്മാവ് സഹകാര്‍മികനായിരിക്കും. ഉച്ചതിരിഞ്ഞ് 3.30ന് ഇടവകയില്‍നിന്നുള്ള വൈദികര്‍ നയിക്കുന്ന ദിവ്യബലി. 4.30ന് ആരംഭിക്കുന്ന തിരുനാള്‍പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, ലൈറ്റ് ഷോ, വര്‍ണവിസ്മയം, വാദ്യമേളങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
28ന് രാവിലെ 6.30ന് പൂര്‍വികര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 6.30ന് അങ്ങാടി അമ്പ് മണ്ണാര്മൂലയില്നിന്ന് ആരംഭിച്ച് രാത്രി 10ന് പള്ളിയില്‍ സമാപിക്കും. എട്ടാമിട തിരുനാള്‍ ദിനമായ മെയ് നാലിന് രാവിലെ ഒമ്പതിന് തിരുനാള്‍ ദിവ്യബലി, സന്ദേശം, പ്രദക്ഷിണം. ഫാ. ജോണ്‍ പോള്‍ ഒഎഫ്എം മുഖ്യകാര്‍മികത്വംവഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ബിനോയ് പൊഴോലിപറമ്പില്‍ കാര്‍മികനായിരിക്കും. ആറിന് ഇടവകദിനത്തോടനുബന്ധിച്ച പൊതുസമ്മേളനവും കലാവിരുന്നും ഉണ്ടായിരിക്കും.
അമ്പനോളി സെന്റ് ജോര്‍ജ് ദേവാലയം
ഇടവകമധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. ആഷില്‍ കൈതാരന്‍ കൊടിയേറ്റം നിര്‍വഹിച്ചു.
തിരുക്കര്‍മങ്ങള്‍ക്കു ഹൊസൂര്‍ രൂപതയിലെ കോടമ്പാക്കം ഇടവക വികാരി ഫാ. ഫ്രാങ്കോ പറപ്പുള്ളി കാര്‍മികത്വംവഹിച്ചു. ഇന്നുവൈകുന്നേരം 5.30ന് ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസുദേന്തിവാഴ്ച, വിശുദ്ധന്റെ രൂപം ഇറക്കല്‍, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നേര്‍ച്ചയൂട്ട് ആശീര്‍വാദം, നേര്‍ച്ചയൂട്ട് എന്നിവ നടക്കും.
നാളെ രാവിലെ ഒമ്പതിന് തലശേരി അതിരൂപതാംഗം ഫാ. ലിന്‍സ് വെട്ടുവയലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന ഉണ്ടാകും. പാലാരിവട്ടം പിഒസി ബൈബിള്‍ അപ്പസ്തോലേറ്റ് സെക്രട്ടറി റവ.ഡോ. ജോജു കോക്കാട്ട് തിരുനാള്‍സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, കോഴിനേര്‍ച്ച, ലേലം എന്നിവ നടക്കും. വൈകുന്നേരം ആറിന് ഇടവകദിനാഘോഷവും മതബോധന കുടുംബസമ്മേളന ഭക്തസംഘടനാ വാര്‍ഷികവും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വിത്സണ് ഈരത്തറ ഉദ്ഘാടനംചെയ്യും. രൂപത ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടര്‍ റവ.ഡോ. ജോജി പാലമറ്റം അധ്യക്ഷതവഹിക്കും.
തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും. തിരുനാളാഘോഷങ്ങള്‍ക്ക് വികാരി ഫാ. ആഷില്‍ കൈതാരന്‍, കൈക്കാരന്മാരായ ബെന്നി കോട്ടവളപ്പില്‍, ലിജോ മംഗലന്‍, ജനറല്‍ കണ്‍വീനര്‍ ഡേവിസ് മംഗലന്‍, ജോ. ജനറല്‍കണ്‍വീനര്‍ പോളി ഞാറേക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
നെല്ലായി സെന്റ് മേരീസ്
ദേവാലയം
വിശുദ്ധ യൂദാ തദേവൂസിന്റെ ഊട്ടുതിരുനാളിന് നാളെ കൊടിയേറുമെന്ന് വികാരി ഫാ. തോമസ് എളങ്കുന്നപ്പുഴ അറിയിച്ചു. രാവിലെ ആറിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടികയറ്റം നിര്‍വഹിക്കും.
29, 30 തീയതികളിലാണ് തിരുനാള്‍ ആഘോഷം. 29ന് വൈകീട്ട് 5.30ന് ഫാ. സിന്റോ നങ്ങിണി, ഫാ. ലിബിന് മച്ചിങ്ങല്‍, ഫാ. ഡെല്‍ബി തെക്കുംപുറം എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന, ദേവാലയംചുറ്റി പ്രദക്ഷിണം, പന്തലിലേക്ക് രൂപംഎഴുന്നള്ളിച്ചുവയ്ക്കല് എന്നിവ ഉണ്ടാകും. തിരുനാള്‍ദിനമായ 30ന് വൈകീട്ട് 4.30ന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഡേവിസ് കൂട്ടാല മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ടോണി മണക്കുന്നേല്‍ തിരുനാള്‍സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടാകും. ജനറല്‍ കണ്‍വീനര്‍ ജോസ് മൂത്തേടന്, സീക്കോ മഞ്ഞളി, വില്സന് കാരാത്ര, ജോര്‍ജ് മഞ്ഞളി, ജോണ്സന് കൈപ്പിള്ളിപറമ്പില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നോർത്ത് ചാലക്കുടി സെന്റ് ജോസഫ് ദേവാലയം
വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ കൊടി ഉയർത്തി.
തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 5.30ന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം. മേയ് നാലിന് രാവിലെ 6.15ന് ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ഒമ്പതിന് പ്രസുദേന്തിവാഴ്ച, ആഘോഷമായ ദിവ്യബലി. ഫാ. ജോയൽ പുലിക്കോട്ടിൽ കാർമികത്വം വഹിക്കും. ഫാ. പോളി പടയാട്ടി സന്ദേശം നൽകും. നേർച്ചഭക്ഷണം ആശീർവാദം, നാലിനു ദിവ്യബലി, പ്രദക്ഷിണം, 7.30ന് ഗാനമേള എന്നിവയുണ്ടാകും.
കൊടകര സെന്റ് ജോസഫ്സ് ഫൊറോനാ ദേവാലയം
വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിനു കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടികയറ്റം നിര്‍വഹിച്ചു. കൊടകര ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി, സഹ. വികാരി ഫാ. ലിന്റോ കാരേക്കാടന്‍ എന്നിവര്‍ സഹകാര്‍മികത്വംവഹിച്ചു. മേയ് നാലിനാണ് ഊട്ടുതിരുനാള്.