മൂന്നാംഘട്ട ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കം
1545175
Friday, April 25, 2025 1:18 AM IST
ഒളരിക്കര: തൃശൂർ ജില്ലയിലെ മൂന്നാംഘട്ട ഡിജിറ്റൽ റീസർവേയ്ക്കു തുടക്കം. ഒളരിക്കര നവജ്യോതി ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 20 ശതമാനം ഭൂപ്രദേശം ഡ്രോണ്‍ ഉപയോഗിച്ചും അവശേഷിക്കുന്നവ കോർസ് ആർടികെ, റോബോട്ടിക്സ് ഇടിഎസ് എന്നിവയുപയോഗിച്ചും അളക്കാനാണു ലക്ഷ്യമിടുന്നത്.
ഭൂമികൈമാറ്റം, രജിസ്ട്രേഷൻ, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ബാധ്യതാസർട്ടിഫിക്കറ്റ്, ഭൂനികുതി അടവ്, ന്യായവിലനിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, തരംമാറ്റം എന്നീ സേവനങ്ങൾ ഒറ്റ പോർട്ടൽവഴി നടപ്പാക്കാൻ ലക്ഷ്യമിട്ട സർവേ 2021ൽ ആരംഭിച്ചെങ്കിലും സംസ്ഥാനത്തെ 1666 വില്ലേജുകളിൽ വിരലിലെണ്ണാവുന്ന സ്ഥലത്തുമാത്രമാണു നടന്നത്. രണ്ടാംഘട്ടത്തിൽ ആറുലക്ഷം ഹെക്ടർ മാത്രമാണ് അളന്നത്.
മേയർ എം.കെ. വർഗീസ്, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ, കൗണ്‍സിലർമാരായ ലാലി ജെയിംസ്, അഡ്വ. റെജീന, കെ. രാമനാഥൻ, ശ്രീലാൽ ശ്രീധർ, സജിത ഷിബു, സിപിഐ പ്രതിനിധി ഷാജു കുണ്ടോളി, തൃശൂർ താലൂക്ക് തഹസിൽദാർ ടി. ജയശ്രീ, സർവേ ഡെപ്യൂട്ടി ഡയറക്ടർ വി.ഡി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.