ചായക്കടകള്‍ കത്തിനശിച്ചു; ഒഴിവായത് വന്‍ദുരന്തം
1545470
Saturday, April 26, 2025 1:08 AM IST
ഇരിങ്ങാലക്കുട: ഠാണാവില്‍ ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പ് ഭാഗികമായി കത്തിനശിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രദേശത്തെ മുഴുവന്‍ പരിഭ്രാന്തിയിലാക്കി സികെകെ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ടീ സ്പോട്ട് എന്ന കടയില്‍ ഗ്യാസ് സിലിണ്ടറില്‍നിന്നുള്ള ചോര്‍ച്ചയെതുടര്‍ന്ന് തീപിടിച്ചത്.
വിവരമറിയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട അഗ്നിശമനാ വിഭാഗത്തില്‍നിന്നുള്ള രണ്ട് യൂണിറ്റെത്തി മുക്കാല്മണിക്കൂര്നേരത്തെ ശ്രമഫലമായിട്ടാണ് തീയണച്ചത്. ഫ്രിഡ്ജും അലമാരിയും അടക്കമുള്ളവ കത്തി നശിച്ചു. ഇരിങ്ങാലക്കുട റെയില്വേസ്റ്റേഷന് റോഡിലുള്ള കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ടീ സ്പോട്ടിനോടുചേര്ന്നുള്ള സ്നേഹ സ്റ്റോഴ്സ് എന്ന കോഫി ഷോപ്പിലേക്കും തീ വ്യാപിച്ചു. ഇരു കടകളിലുമായി ആറോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായി അഗ്നിശമനാവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പിടുത്തമുണ്ടായ ഉടനെ ടീ സ്പോട്ടിലെ ജീവനക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.
പുക ഉയര്‍ന്നതോടെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലെ ജീവനക്കാരും പുറത്തിറങ്ങിയതായും ഭീതിനിറഞ്ഞ സാഹചര്യമായിരുന്നുവെന്നും അടുത്തുള്ള കടകളിലെ ജീവനക്കാര്‍ പറഞ്ഞു. അടുത്തുള്ള കണ്ണട കടയുടെ ബോര്‍ഡും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. സ്റ്റേഷന് ഓഫീസര്‍ കെ.എസ്. ഡിബിന്‍, ഉദ്യോഗസ്ഥരായ നിഷാദ്, ലൈജു, പ്രദീപ്, ദിലീപ്, സുമേഷ്, മഹേഷ്, സന്ദീപ്, ജെറിന്, ഹോംഗാര്‍ഡുമാരായ ലിസ്റ്റന്‍, ജയ്ജോ, രാജു, സുഭാഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കി.