പാപ്പായുടെ കബറടക്കശുശ്രൂഷയില്‍ വിശ്വാസികൾ ആത്മനാ പങ്കെടുക്കണം: മാർ കണ്ണൂക്കാടൻ
1545165
Friday, April 25, 2025 1:18 AM IST
ഇരിങ്ങാലക്കുട: ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്കാരശുശ്രൂഷയുടെ സമയത്തു രൂപതയിലെ എല്ലാ വിശ്വാസികളും എവിടെയായിരുന്നാലും പ്രാര്‍ഥനാപൂര്‍വം ആത്മനാ കബറടക്കശുശ്രൂഷയില്‍ പങ്കെടുക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു.
സാധ്യമാകുന്ന ഇടവകകളില്‍ പരിശുദ്ധപിതാവിന്റെ മൃതസംസ്കാരശുശ്രൂഷ മാധ്യമങ്ങളിലൂടെ തത്സമയം കാണുവാന്‍ അവസരം ഒരുക്കേണ്ടതാണ്. പരിശുദ്ധപിതാവിനായി ദിവ്യബലിയും ഒപ്പീസും പരികര്‍മം ചെയ്യണം. അന്നത്തെ തിരുക്കര്മങ്ങള്ക്കുമുമ്പോ ശേഷമോ പരിശുദ്ധപിതാവിന്റെ ഫോട്ടോയ്ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി പരിശുദ്ധപിതാവിനോടുള്ള ആദരവ് പ്രകടമാക്കാന്‍ അവസരം ഒരുക്കണം. ഇന്നോ നാളെയോ ഇടവക, ഫൊറോന, മേഖലാ അടിസ്ഥാനത്തിൽ ഫ്രാന്‍സിസ് പാപ്പായോടുള്ള ആദരസൂചകമായി ജാതിമതഭേദമന്യേ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് അനുസ്മരണറാലിയോ സമ്മേളനങ്ങളോ സംഘടിപ്പിക്കണമെന്നും ബിഷപ് നിർദേശിച്ചു.
വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ജോളി വടക്കന്‍, രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള, വൈസ് ചാന്‍സലര്‍മാരായ ഫാ. അനീഷ് പല്ലിശേരി, ഫാ. ആന്റോ വട്ടോലി, ദര്ശന് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. സിന്റോ മാടവന, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിന്‍ പാറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.