ക.ൂടല്മാണിക്യം കിഴക്കേനടയിലെ ആനപ്പടി വീതികൂട്ടുന്നു
1545472
Saturday, April 26, 2025 1:08 AM IST
ഇരിങ്ങാലക്കുട: ഉത്സവത്തിനുമുന്പേ കൂടല്‍മാണിക്യക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയുടെ തെക്ക് ആനവയറന്‍ മതിലിലെ ആനപ്പടിയുടെ വീതികൂട്ടുന്നു.
ഇതിന്റെ ആദ്യഘട്ടമെന്നനിലയില്‍ നിലവിലുള്ള വാതില്‍ പൊളിച്ചുപണിയും. അഞ്ചുമീറ്റര്‍ വീതിയില്‍ അഞ്ചുമീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന പുതിയ പടി പുറമേനിന്നുള്ള സഹായത്തോടെയാണ് പൂര്‍ത്തിയാക്കുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് ചേരുന്ന യോഗങ്ങളിലെല്ലാം വാതിലിന്റെ വീതികൂട്ടണമെന്ന് പോലീസും അഗ്നിരക്ഷാ സേനയും ആവശ്യപ്പെട്ടിരുന്നു. ഉത്സവസമയത്ത് എഴുന്നള്ളിപ്പും വൈകീട്ട് കലാപരിപാടികളും വിളക്കും കാണാന്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ അകത്തേയ്ക്ക് പ്രവേശിക്കുന്നതും മടങ്ങുന്നതും ഇതുവഴിയാണ്.
ഉത്സവകാലത്ത് ആനകളും ഈ വഴി ഉപയോഗിക്കാറുള്ളതിനാലാണ് ആനവാതിലെന്നു ഇതിനുപേര്. നേരത്തേ ഉത്സവക്കാലത്ത് ക്ഷേത്രത്തിനകത്ത് ആനയിടഞ്ഞ സമയങ്ങളില്‍ ഇതുവഴി പുറത്തേക്കു വരാന്‍ ജനങ്ങള്‍ തിക്കുംതിരക്കുംകൂട്ടി പലപ്പോഴും അപകടങ്ങളുണ്ടായിട്ടുണ്ട്. ആനപ്പടി വീതികൂട്ടി നിര്‍മിക്കുന്നതിന്റെ ഭാഗമായി വാസ്തുവിദഗ്ധന് പഴങ്ങാപ്പറമ്പില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി ക്ഷേത്രത്തിലെത്തി പരിശോധിച്ചു. താംബൂലപ്രശ്നം നടത്തിയശേഷമാണ് വാതില്‍ വീതികൂട്ടി നിര്‍മിക്കാന്‍ തീരുമാനിച്ചത്.