വിജ്ഞാനകേരളം മെഗാ തൊഴിൽമേള ഇന്ന്
1545463
Saturday, April 26, 2025 1:07 AM IST
തൃശൂർ: വിജ്ഞാന കേരളം മെഗാ തൊഴിൽമേള ഇന്ന്. അന്‍പതു പവലിയനുകളും അഭിമുഖത്തിനു 137 ക്ലാസ് മുറികളും ഒരുങ്ങി. ഇന്നലെ ഉച്ചയോടെ മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട വിലയിരുത്തലുകൾ നടത്തി.
ജില്ലയിൽ 35,000 പേർക്കു തൊഴിൽ നൽകാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ പേരു രജിസ്റ്റർ ചെയ്തവർക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം. 137 തൊഴിൽദാതാക്കൾ 455 തരത്തിലുള്ള ജോലികളാണു വാഗ്ദാനം ചെയ്തിട്ടുള്ളത്. ഗവ. എൻജിനിയറിംഗ് കോളജും വിമല കോളജുമാണ് വേദികൾ. 16 ബ്ലോ ക്ക് പഞ്ചായത്ത്, ഏഴു നഗരസഭ, കോർപറേഷൻ എന്നിങ്ങനെ തരംതിരിച്ചാണ് പവലിയനുകൾ.
ബ്ലോക്ക് പവലിയനുകളിൽ പഞ്ചായത്തുതിരിച്ചു പ്രത്യേകം സബ് കൗണ്ടറുകളുണ്ട്. ഓരോ കൗണ്ടറിലും മൂന്നു പഞ്ചായത്ത് ജീവനക്കാരുണ്ടാകും. കൗണ്ടറിലെ ക്യു ആർ കോഡിൽ നോക്കിയാൽ ഉദ്യോഗാർഥികളുടെ യോഗ്യതയും അപേക്ഷിച്ച ജോലിയുമുൾപ്പടെ വിവരങ്ങൾ ലഭിക്കും.
ഒരാൾക്കു മൂന്ന് അഭിമുഖത്തിൽ പങ്കെടുക്കാം. ടോക്കണ്‍ അനുസരിച്ചു നിശ്ചിത ക്ലാസ് മുറിയിലെ അഭിമുഖത്തിൽ പങ്കെടുക്കാം. എൻജിനിയറിംഗ് കോളജിൽ 72 ക്ലാസ് മുറികളും വിമല കോളജിൽ 65 ക്ലാസ് മുറികളും അഭിമുഖത്തിന് ഒരുക്കി. തൊഴിൽദാതാക്കൾ, കെ ഡിസ്ക്, തദ്ദേശസ്ഥാപനങ്ങൾ, വിജ്ഞാന കേരളം, എൻഎസ്എസ് വോളന്റിയർമാർ ഉൾപ്പടെ രണ്ടായിരംപേർ ഉദ്യോഗാർഥികൾക്കു സഹായത്തിനുണ്ടാകും.