പാന്പുകൾക്ക് ഇതു പ്രജനനകാലം സൂക്ഷിച്ചില്ലെങ്കിൽ പണി ഇഴഞ്ഞുവരും
1545177
Friday, April 25, 2025 1:18 AM IST
സി.ജി. ജിജാസൽ
തൃശൂർ: പാന്പുകൾക്ക് ഇതു പ്രജനനകാലം. സൂക്ഷിച്ചില്ലെങ്കിൽ പണി ഇഴഞ്ഞുവരുമെന്നു പാന്പുവിദഗ്ധർ. ചൂടിന്റെ കാഠിന്യം വർധിച്ചതോടെ തണുപ്പുതേടി പാന്പുകൾ വീടുകളിലും തൊടികളിലും കയറിക്കൂടുന്നതു സർവസാധാരണമാണെന്നും എന്നാൽ കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ ഇവയെ ഒഴിവാക്കാൻ കഴിയുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
പതിവുവർഷങ്ങളെ അപേക്ഷിച്ച് പാന്പുകളെ കാണുന്നതു വർധിച്ചുവരുന്നതിന്റെ കാരണം അസഹ്യമായ ചൂടാണ്. വേനൽക്കാലത്തിന്റെ തുടക്കത്തിൽ ഇണചേരുന്ന പാന്പുകൾക്ക് ഇപ്പോൾ പ്രജനനകാലമായതിനാൽതന്നെ ഇനിയുള്ള ദിവസങ്ങളിൽ ഇവയെ കൂടുതലായി കാണാനും സാധ്യതയേറെയാണ്.
ഏപ്രിൽ, മേയ് മാസങ്ങൾ പാന്പുകളുടെ മുട്ടകൾ വിരിഞ്ഞ് പുറത്തിറങ്ങാനുള്ള കാലംകൂടിയാണ്. ഗ്രാമപ്രദേശങ്ങളെക്കാൾ നഗരപ്രദേശങ്ങളിലാണ് പാന്പുകളെ കൂടുതലായി ഇപ്പോൾ കാണുന്നതെന്നും പറയുന്നു. ഗ്രാമപ്രദേശങ്ങളിലെപ്പോലെ പാന്പുകൾക്കു സുരക്ഷിതമായി സ്ഥലങ്ങൾ കുറവായതിനാലാണ് നഗരങ്ങളിൽ ഇവയെ കൂടുതൽ പുറത്തുകാണുന്നതത്രെ.
മൂർഖനാണ് താരം
ജില്ലയിൽ കൂടുതൽ കണ്ടുവരുന്ന വിഷപ്പാന്പുകളിൽ മുൻപിൽ നിൽക്കുന്നതു മൂർഖൻപാന്പുകളാണ്. ഇവയ്ക്കു പിറകിലാണ് അണലിയും വെള്ളിക്കെട്ടനും. പീച്ചി ഭാഗത്തു രാജവെന്പാലകളെ വരെ കണ്ടെത്തുന്പോൾ നഗരത്തിൽ അയ്യന്തോൾ, പൂങ്കുന്നം എന്നിവിടങ്ങളിൽ കാണുന്നവയിൽ ഏറെയും മൂർഖനാണ്. റസിഡൻഷ്യൽ ഏരിയകളിൽ ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി തള്ളുന്നതും അതിനെതുടർന്ന് എലിശല്യം വർധിച്ചുവരുന്നതുമാണ് പാന്പുശല്യം കൂടാൻ ഇടയാക്കുന്നത്.
അല്പവിവരം ആപത്ത്
പലരും പാന്പുപിടിത്തം കുട്ടിക്കളിയായി കാണുന്നത് അവയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാലാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീഡിയോകളിൽ കാണുന്നത് അനുകരിക്കാൻ ശ്രമിക്കുന്നതും ആളുകളുടെ മുൻപിൽ ആളാകാൻ കാണിക്കുന്ന പരാക്രമങ്ങളും അപകടങ്ങൾ വിളിച്ചുവരുത്തും. മലന്പാന്പ് ആണെന്നുകരുതി അണലിയെ പിടികൂടുന്നതും അപകടത്തിൽപ്പെടുന്നതും ഇതുകൊണ്ടാണ്.
അതെല്ലാം തെറ്റാണ്:
ജോജു മുക്കാട്ടുകര
പാന്പുകളെ ഒഴിവാക്കാൻ പാൽക്കായം ബെസ്റ്റാണെന്ന് ഒരുകൂട്ടർ, മണ്ണെണ്ണയാണ് നല്ലതെന്നു മറ്റു ചിലർ. വെളുത്തുള്ളിയും തുളസിയും എല്ലാം സൂപ്പറാണെന്നു വേറെ ചിലർ. എന്നാൽ ഇതെല്ലം തെറ്റാണെന്നു സ്നേക്ക് റെസ്ക്യു ട്രെയിനർ ജോജു മുക്കാട്ടുകര പറയുന്നു. പാന്പുകളെ ആകർഷിക്കാനും ഒഴിവാക്കാനും ചെടികൾക്കു കഴിയുമെന്നതും തെറ്റാണ്.
മണ്ണെണ്ണ ശരീരത്തിൽ പതിഞ്ഞാൽ പാന്പുകൾക്കു പൊള്ളലേൽക്കാനും അവരുടെ ശകലങ്ങൾ നശിക്കാനും അവ ചാവാനും സാധ്യതയുണ്ടെങ്കിലും, മണ്ണെണ്ണഗന്ധം പാന്പുകളെ ഒഴിവാക്കുമെന്നു പറയുന്നതു തെറ്റാണ്. മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്ന കാർബോളിക് ആസിഡിനും പാന്പുകളെ ഒഴിവാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാന്പുകളെ ഒഴിവാക്കാൻ
പാന്പുകളെ ഒഴിവാക്കാൻ വീടും പരിസരവും വൃത്തിയാക്കുകയാണ് പ്രധാനം. ചൂടിൽനിന്നു രക്ഷനേടാൻ പാന്പുകൾ തണുപ്പും ഈർപ്പവുമുള്ള സ്ഥലങ്ങൾ തേടിവരും. വിറകുകൾ, ചപ്പുചവറുകൾ എന്നിവ കൂട്ടിയിടുന്നത് ഒഴിവാക്കുക. വീടുകളുടെയും തറകളുടെയും വിടവുകൾ അടയ്ക്കുക. വാതിലുകളും ജനാലകളും അടച്ചിടുന്നതും നല്ലതാണ്. കുറ്റിക്കാടുകളും ചെടികളും ഒഴിവാക്കുക. അലക്ഷ്യമായി ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക.
വിഷപ്പാന്പുകളുടെ കടിയേറ്റാലുള്ള മുൻകരുതലുകൾ
1. പാന്പുകടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതിരിക്കുക.
2. കടികൊണ്ട ഭാഗം കത്തി, ബ്ലേഡ് തുടങ്ങി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കീറിമുറിക്കാതിരിക്കുക.
3. ആ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക, പകരം സമാധാനിപ്പിക്കുക.
4. പാന്പുകടിയേറ്റ വ്യക്തിയെ നിരപ്പായ തറയിൽ കിടത്തുക.
5. ആന്റി സ്നേക് വെനം ഉള്ള ആശുപത്രികളിൽ ഉടൻ വൈദ്യസഹായം ലഭ്യമാക്കുക.
ഓർക്കുക
1. പച്ചമരുന്നുകൾ ഒഴിവാക്കുക.
2. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകരുത്.
3. മുറിവേറ്റ ഭാഗം പൊള്ളിക്കാതിരിക്കുക.
4. പാന്പുകടിയേറ്റ ഭാഗത്തു മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക.
എമർജൻസി നന്പർ
വനംവകുപ്പിന്റെ എമർജൻസി നന്പർ 9188407531.
ജോജു മുക്കാട്ടുകര (സ്നേക്ക് റെസ്ക്യു ട്രെയിനർ ജില്ലാ കോ ഓർഡിനേറ്റർ) 9745547906.