തനതുഫണ്ടിൽനിന്നു വിധവാ പെൻഷൻ: അടിയന്തര കൗൺസിൽ ഇന്ന്
1545467
Saturday, April 26, 2025 1:07 AM IST
ചാലക്കുടി: നഗരസഭയുടെ തനത് ഫണ്ടിൽനിന്നു വിധവ പെൻഷൻ തുക നൽകാനുള്ള തീരുമാനത്തിൽ സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് മറികടക്കാൻ അടിയന്തിര കൗൺസിൽചേരുന്നു. വിയോജനക്കുറിപ്പ് സ്വഭാവികമാണെന്ന് നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ വ്യക്തമാക്കി. സെക്രട്ടറിയുടെ വിയോജനം മറ്റൊരു കൗൺസിൽ യോഗതീരുമാനത്തോടെ നടപ്പിലാക്കുക എന്നതാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുരാവിലെ 10.30ന് അടിയന്തര കൗൺസിൽ യോഗംചേരുന്നത്.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ സർക്കാർ അനുമതിയോടെ പെൻഷൻ തുക തനത് ഫണ്ടിൽനിന്നു നൽകാൻ തീരുമാനിച്ചത് ഐകകണ്ഠ്യേനയാണെന്ന് ചെയർമാൻ പറഞ്ഞു. ഒപ്പംതന്നെ കൗൺസിലർമാരുടെ തുഛമായ ഓണറേറിയം എടുത്ത് പെൻഷൻ കൊടുക്കണമെന്ന് പറയുന്നവരുടെ യുക്തി വെറും രാഷ്ട്രീയപ്രഹസനമാണ്. പെൻഷൻ തടസപ്പെട്ട വിഷയത്തിൽ ആരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായാലും സർക്കാർ നിർദേശത്തിനനുസരിച്ച് നടപടി സ്വീകരിക്കുന്നതിലും വീഴ്ചവരുത്തിയവരിൽനിന്നു തുക ഈടാക്കുന്നതിലും കൗൺസിൽ മടി കാണിക്കില്ലെന്നും ചെയർമാൻ അറിയിച്ചു.
ഇക്കാര്യത്തിൽ പ്രതിപക്ഷം തർക്കങ്ങൾ ഉണ്ടാക്കുന്നത് സമയബന്ധിതമായി പെൻഷൻ തുക നൽകുന്നതിന് തടസമുണ്ടാക്കാനെ ഇടവരുത്തുവെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
എന്നാല്‍ നഗരസഭയുടെ വീഴ്ചമൂലം ബുദ്ധിമുട്ടിലായവരെ സഹായിക്കാന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലംഗങ്ങളും സ്വതന്ത്രാംഗങ്ങളുമടക്കം എട്ടുപേര്‍ തങ്ങളുടെ ഒരുമാസത്തെ ഓണറേറിയം വാഗ്ദാനംചെയ്യുകയും ഭരണപക്ഷത്തെ കൗണ്‍സിലംഗങ്ങളും ഇതിന് തയാറാകണമെന്നും ബാക്കിതുക ജീവനക്കാരില്‍നിന്ന് പിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് പറഞ്ഞു. പ്രതിപക്ഷാവശ്യം തള്ളിക്കളഞ്ഞത് പത്രവാര്‍ത്തയില്‍ ഇടം നേടാനായിരുന്നു.
തനത് ഫണ്ടില്‍നിന്ന് പണംകൊടുക്കാന്‍ നിയമതടസം ഉണ്ടാകുമെന്നറിഞ്ഞിട്ടും അത്തരം തീരുമാനവുമായിതന്നെ മുന്നോട്ടുപോയത് പെന്ഷന് നിഷേധിക്കപ്പെട്ടവരെ വീണ്ടും ചതിക്കുന്ന പ്രവണതയായിരുന്നും സുരേഷ് പറഞ്ഞു. പ്രതിപക്ഷനിര്ദേശം ഉള്‍ക്കൊണ്ട് തീരുമാനം എടുത്തിരുന്നെങ്കില്‍ പെന്ഷന് നിഷേധിക്കപ്പെട്ടവര്‍ക്കൊരു സഹായമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും തെറ്റുപറ്റിയത് സമ്മതിക്കണം. പ്രതിപക്ഷാംഗങ്ങള്‍ കഴിഞ്ഞ കൗണ്‍സിലില്‍ പറഞ്ഞ നിര്‍ദേശം നടപ്പിലാക്കാന്‍ തയാറാണെന്നും സുരേഷ് പറഞ്ഞു.