കുണ്ടായി - ചൊക്കന റോഡിൽ കാട്ടാനക്കൂട്ടമിറങ്ങി ഭീതിപരത്തി
1545461
Saturday, April 26, 2025 1:07 AM IST
പാലപ്പിള്ളി: കുണ്ടായി ചൊക്കന റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതു ഭീതിപരത്തി. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് റോഡ് മുറിച്ചുകടന്ന ആനക്കൂട്ടം റബർ തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ്.
ചൊക്കന റബർ പ്ലാന്റേഷനിൽ ഇറങ്ങിയ ഇരുപതോളം ആനകളിൽ കുട്ടികൾ ഉൾപ്പടെയുള്ള 11 ആനകളാണ് റോഡിൽ ഇറങ്ങിയത്. ചിന്നംവിളിച്ച് റോഡ് മുറിച്ചുകടന്ന ആനക്കൂട്ടത്തെ കണ്ട് വാഹനയാത്രക്കാർ ഏറെനേരം റോഡിൽ കുടുങ്ങി.
വളവുള്ള ഭാഗത്ത് ഇറങ്ങുന്ന ആനക്കൂട്ടത്തിന് മുൻപിൽ അകപ്പെടുന്ന വാഹനയാത്രക്കാർ പലപ്പോഴും തലനാരിഴയ്ക്കാണു രക്ഷപ്പെടുന്നത്. പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടം പകൽസമയങ്ങളിൽ റോഡിലിറങ്ങുന്നതു നാട്ടുകാരെ ആശങ്കയിലാക്കുകയാണ്.
ദിവസങ്ങളായി കുണ്ടായി ജനവാസമേഖലയിൽ ഭീതിപരത്തുന്ന കൂട്ടംതെറ്റിയ ഒറ്റയാനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നതിനിടെയാണ് ആനക്കൂട്ടത്തിന്റെ ശല്യവും. ആനകളെ കാടുകയറ്റി പ്രദേശവാസികൾക്ക് സുരക്ഷയൊ രുക്കാൻ നടപടി വേണമെന്ന ആവശ്യമുയരുമ്പോഴും യാതൊരു നടപടിയും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.