ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരം
1545173
Friday, April 25, 2025 1:18 AM IST
തൃശൂരിൽ അനുസ്മരണ
റാലി ഇന്ന്
തൃശൂർ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരമർപ്പിച്ച് തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഇന്ന് അനുസ്മരണദിനമായി ആചരിക്കും. വൈകീട്ടു നാലിനു പുത്തൻപള്ളി ബസിലിക്കയിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ബസിലിക്കയിൽനിന്ന് ആരംഭിക്കുന്ന അനുസ്മരണ പ്രാർഥനാറാലി നഗരംചുറ്റി തൃശൂർ സെന്റ് തോമസ് കോളജിലെ മോണ്‍. ജോണ്‍ പാലോക്കാരൻ ചത്വരത്തിൽ സമാപിക്കും. തൃശൂർ ദേവമാതാ പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് നന്തിക്കര സിഎംഐ അനുസ്മരണപ്രഭാഷണം നടത്തും.
മതമേലധ്യക്ഷൻമാരും സാമൂഹിക- രാഷ്ട്രീയ- സാംസ്കാരികരംഗത്തെ പ്രമുഖരും ആദരാഞ്ജലിയർപ്പിക്കും. ഇടവകകളിൽനിന്നു റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ ആർച്ച്ബിഷപ് ഹൗസ് വളപ്പ്, ഡിബിസിഎൽസി, പുത്തൻപള്ളി ബൈബിൾ ടവർ, ലൂർദ് കത്തീഡ്രൽ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ഇരിങ്ങാലക്കുടയില്‍ ഇന്ന്
അനുസ്മരണ സന്ധ്യ
ഇരിങ്ങാലക്കുട: കാലംചെയ്ത ഫ്രാന്‍സീസ് മാർപാപ്പയോടുള്ള ബഹുമാനാര്‍ഥം പാപ്പായുടെ സംസ്കാരചടങ്ങുകള്‍ നടക്കുന്ന നാളെ പ്രാര്‍ഥനാദിനമായി ആചരിക്കുമെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. അന്നേദിവസം രൂപതാതിര്‍ത്തിക്കുള്ളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ കത്തോലിക്കാസ്ഥാപനങ്ങള്ക്കും അവധിയായിരിക്കും.
രൂപതയുടെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഇടവകയുടെയും ഇരിങ്ങാലക്കുട പൗരാവലിയുടെയും സഹകരണത്തോടെ മാർപാപ്പയുടെ ബഹുമാനാര്‍ഥം ഇന്ന് അനുസ്മരണസന്ധ്യ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞു 3.30നു കത്തീഡ്രലിൽ ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടിയുള്ള അനുസ്മരണബലി അര്‍പ്പിക്കും. തുടർന്ന് 4.30നു ടൗണ്‍ഹാളിലേക്ക് അനുസ്മരണറാലി നടക്കും. തുടർന്ന് 5.30നു ടൗണ്‍ ഹാളില്‍ പൊതുസമ്മേളനം. മത കക്ഷിരാഷ്ട്രീയഭേദമന്യേ പ്രമുഖര്‍ പങ്കെടുക്കും.