കുന്നത്തേരി പുതൂർക്കുളം നാശത്തിന്റെ വക്കിൽ
1534049
Tuesday, March 18, 2025 2:19 AM IST
എരുമപ്പെട്ടി: കുന്നത്തേരി പുതൂർക്കുളം നാശത്തിന്റെ വക്കിൽ. കുളം നവീകരിച്ച് സംരക്ഷിക്കാൻ തയാറാകാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്. എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കുതിരക്കുളം എന്ന് നാട്ടുകാർ വിളിക്കുന്ന പുതൂർകുളം സ്ഥിതിചെയ്യുന്നത്.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന കുന്നത്തേരി, ഉമിക്കുന്ന് പ്രദേശത്തെ ജനങ്ങൾ കുളിക്കുവാനും അലക്കുവാനും ആശ്രയിച്ചിരുന്നത് ഈ കുളത്തെയാണ്.
എന്നാൽ കുളം ഇപ്പോൾ വശങ്ങൾ ഇടിഞ്ഞും മണ്ണും ചെളിയും നിറഞ്ഞും ഉപയോഗ ശൂന്യ മാണ്. ഏകദേശം 20 വർഷങ്ങൾക്കു മുമ്പാണ് സംരക്ഷണ ഭിത്തികെട്ടി ഇറങ്ങുവാൻ റാമ്പും കൽപ്പടവുകളും നിർമിച്ചത്.15 വർഷം മുമ്പാണ് ഇവ തകർന്ന് വീണും പൊട്ടിപ്പൊളിഞ്ഞും നശിച്ചത്. പിന്നീടുവന്ന പഞ്ചായത്ത് ഭരണസമിതികൾ കുളം നവീകരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ലായെന്നാണു നാട്ടുകാരുടെ ആരോപണം. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങൾ ഉൾപ്പടെ നിരവധി വിദ്യാർഥികൾ നീന്തൽ പരിശീലിക്കാൻ ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. നീന്തൽ മത്സരങ്ങളും ഈ കുളത്തിൽ നടത്തിയിരുന്നു.
കുന്നത്തേരി പാടശേഖശത്തിലെ നെൽകൃഷിക്കും പുതൂർക്കുളത്തിലെ വെള്ളം ഉപയോഗപ്പെടുത്തിയിരുന്നു.