ജനകീയ ബജറ്റ് അവതരിപ്പിച്ച് വടക്കാഞ്ചേരി നഗരസഭ
1533024
Saturday, March 15, 2025 1:34 AM IST
വടക്കാഞ്ചേരി: സമഗ്രവികസനം ലക്ഷ്യമിട്ട് വടക്കാഞ്ചേരി നഗരസഭയുടെ 2025-26 സാമ്പത്തിക വർഷത്തെ ജനകീയ ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ മാത്രം ഫണ്ടിനെ ആശ്രയിക്കാതെ മുനിസിപ്പൽ ബോണ്ടുകൾ സ്വീകരിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു.
2024-25 വർഷത്തെ 75.15 (75, 15, 30, 297)കോടി രൂപ വരവും 71. 62 കോടി രൂപ ( 71 , 62,88,529 ) ചെലവും 3.52 കോടി രൂപ ( 3,52,41, 768) രൂപ നീക്കിയിരിപ്പുമുളള പരിഷ്കരിച്ച ബജറ്റും 2025-26 വർഷത്തെ 132. 33 കോടി രൂപ വരവും (132,33, 27,768 ) 128.13 കോടി രൂപ ചെലവും (128,13,75,127) ചെലവും 4.19 കോടി രൂപ (4,19,52, 641)നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മതിപ്പ് ബജറ്റാണ് നഗരസഭ അവതരിപ്പിച്ചത്.
അതിദാരിദ്ര്യ അവസ്ഥയിലേക്ക് എത്തിപ്പെടാവുന്ന ജീവിതസാഹചര്യങ്ങളിലുള്ള 325 കുടുംബങ്ങളുടെ അതിജീവനം ലക്ഷ്യമാക്കി ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നഗരസഭയുടെ ദാരിദ്യ നിർമാർജന പരിപാടികൾക്ക് ഊർജം പകരുന്ന കുടുംബശ്രീയുടെ പശ്ചാത്തല സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
മാലിന്യ സംസ്കരണ രംഗത്ത് സിഎൻജി പ്ലാന്റ് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ആരംഭിക്കാൻ ആറു കോ ടി രൂപ സ്വച്ഛ്ഭാരത് മിഷൻ, സിഎഫ്സി ഗ്രാൻഡ് ഇനങ്ങളിൽ വകയിരുത്തി. ജലാശയങ്ങൾ, കനാലുകൾ, വടക്കാഞ്ചേരി പുഴ എന്നിവ കേന്ദ്രീകരിച്ച് ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു.
കൗൺസിലർ സേവിയാർ മണ്ടുംപാല നഗരസഭയ്ക്ക് കൈമാറിയ 30 സെന്റ് സ്ഥലത്ത് നഗരസഭയിലെ ഭൂമിയില്ലാത്ത, വീടില്ലാത്തവർക്ക് ഫ്ലാറ്റ് നിർമിച്ചുനൽകാൻ മൂന്നുകോടി രൂപയും അമ്മിണി ടീച്ചർ നൽകിയ 90 സെന്റിൽ ഫ്ലാറ്റ് നിർമിക്കാൻ ആറ് കോടി രൂപയും ആര്യം പാടത്ത് ഭൂമി നൽകാൻ തയാറായ വ്യക്തി ആധാരം കൈമാറുന്ന മുറയ്ക്ക് അവിടെ ഭവന രഹിതർക്ക് വീടുവയ്ക്കാൻ രണ്ടു കോടി രൂപയും വകയിരുത്തി.
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് വിധേയരാകാതിരിക്കാൻ പദ്ധതികൾ നടപ്പാക്കുന്നതി നായി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. അനൂപ് കിഷോർ, എ.എം. ജമീലാബി, പി.ആർ. അവിന്ദാക്ഷൻ, സ്വപ്ന ശശി, സി.വി. മുഹമ്മദ് ബഷീർ, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.