അപകടങ്ങൾ തുടർക്കഥ: പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടയ്ക്കും
1533029
Saturday, March 15, 2025 1:34 AM IST
ചാലക്കുടി: അപകടങ്ങളും മരണങ്ങളും തുടർച്ചയായി ഉണ്ടാകുന്ന പോട്ട ആശ്രമം ദേശീയപാത ജംഗ്ഷൻ താത്കാലികമായി അടയ്ക്കാൻ തീരുമാനിച്ചു.
നേരത്തേ ഇവിടെയുള്ള റോഡ് ക്രോസിംഗ് അടയ്ക്കണമെന്നു ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിർദേശിച്ചിരുന്നു. അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച ഗതാഗതമന്ത്രിയും ഉദ്യോഗസ്ഥരും ഇവിടെ ക്രോസിംഗ് ഒഴിവാക്കണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ പ്രധാനപ്പെട്ട എഴുന്നള്ളത്തുപാത റോഡ് ക്രോസ് ചെയ്യാൻ ബദൽസംവിധാനം ഒരുക്കണമെന്ന ആവശ്യം ഉണ്ടായി. അതിനാൽ ക്രോസിംഗ് അടയ്ക്കാൻ സാധിച്ചിരുന്നില്ല.
പിന്നീട് എംപി, എംഎൽഎ, നഗരസഭ ചെയർമാൻ എന്നിവരുടെ നിരന്തരമായ ഇടപെടലിനെതുടർന്ന് ഇവിടെ അണ്ടർപാസേജ് നിർമിക്കാൻ എൻഎച്ച്ഐ അനുമതി നൽകുകയും ഇതിന് 43 കോടി രൂപ അനുവദിക്കുകയും ചെയ്തു.
നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നുണ്ട്. മാർച്ച് മാസം കഴിയുന്നതോടെ നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ എൻഎച്ച്ഐ അധികൃതർ അറിയിച്ചു.
അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇവിടെ ആവശ്യമായ ഗതാഗതനിയന്ത്രണം അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചു. ഇതിനായി എംഎൽഎയുടേയും നഗരസഭ ചെയർമാന്റെയും നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു.
യോഗത്തിൽ ഇവിടെ ദേശീയപാതയിലെ ക്രോസിംഗ് ഒഴിവാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കിഴക്ക് ഭാഗത്തെ സർവീസ് റോഡിൽ നിന്നുള്ള പ്രവേശന ഭാഗവും, മധ്യഭാഗത്തെ ക്രോസിംഗും അടയ്ക്കാൻ തീരുമാനിച്ചു.
ചാലക്കുടി ഭാഗത്തുനിന്നും വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നേരത്തെ പോയിരുന്ന രീതിയിൽ കിഴക്ക്ഭാഗത്ത് വീതി കൂട്ടിയ സർവീസ് റോഡിലൂടെ സുന്ദരിക്കവല വഴി പോട്ട ജംഗ്ഷനിലൂടെ പോകണം.
എഴുന്നള്ളത്ത് പാതയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ ക്രമീകരണം ബസ് ഉടമകളുമായി ആലോചിച്ച് തീരുമാനിക്കും.
കോടതി ജംഗ്ഷനിലെ അണ്ടർ പാസേജിന്റെ ബെൽ മൗത്തുകൾ കൂടുതൽ സൗകര്യപ്പെടുത്തുന്നതിനുള്ള നടപടികളും പൂർത്തിയാക്കാൻ തീരുമാനിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽ എ,നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, എൻഎച്ച്ഐ മാനേജർ ബിജു കുമാർ, എസ്എച്ച്ഒ എം.കെ. സജീവ്, ജോയിന്റ് ആർടിഒ ഇൻ ചാർജ് വി ശശി, എഎം വി.ഐ. സെബാസ്റ്റ്യറ്റ്യൻ ജോസഫ്, കൗൺസിലർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.