കേരളത്തിലെ സ്കൂളുകളിലേത് അശാസ്ത്രീയ പാചകപ്പുരകൾ: കെഎസ്ഡബ്ല്യുഎ
1533525
Sunday, March 16, 2025 6:22 AM IST
തൃശൂർ: സുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്ത അശാസ്ത്രീയ പാചകപ്പുരകളാണു സംസ്ഥാനത്തെ സ്കൂളുകളിലുള്ളതെന്നു കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ (കെഎസ്ഡബ്ല്യുഎ) സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് കേന്ദ്ര ലേബർ കമ്മീഷനു പരാതി നല്കി.
സംസ്ഥാനത്ത് അമിതതൊഴിൽഭാരം കാരണം ഏഴു പാചകത്തൊഴിലാളികൾ മരിച്ചു. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. അഞ്ഞൂറു കുട്ടികൾക്കു ഭക്ഷണം പാചകം ചെയ്യാൻ ഒരു തൊഴിലാളിയെവച്ച് അടിമപ്പണി ചെയ്യിക്കുകയാണ്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ലേബർ കമ്മീഷണറെ ചുമതല ഏൽപ്പിക്കണമെന്നും അഭ്യർഥിച്ചു.
ആലപ്പുഴയിലെ ഒരു സ്കൂളിൽ പാചകത്തൊഴിലാളിയായ 63കാരിയെ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത് അന്വേഷിക്കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അമിതജോലിഭാരത്താലുള്ള മരണങ്ങൾക്കു വിദ്യാഭ്യാസവകുപ്പ് ഉത്തരവാദിയാണെന്നും അഭിപ്രായപ്പെട്ടു.