അറിഞ്ഞോ...മ്മ്ടെ ലാലൂര് ഫുൾ ഡിജിറ്റലായി
1533530
Sunday, March 16, 2025 6:22 AM IST
തൃശൂർ: ഒരുകാലത്തു തൃശൂരിന്റെ മാലിന്യക്കൊട്ടയെന്ന അവഹേളനം ഏറ്റുവാങ്ങേണ്ടിവന്ന ലാലൂർ ഇന്നു ഡിജിറ്റൽ യുഗത്തിനൊപ്പം കുതിക്കുന്ന പുതിയ ലാലൂരായി ചരിത്രം കുറിക്കുന്നു. തൃശൂർ കോർപറേഷനിലെ ലാലൂർ ഡിവിഷൻ, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഡോക്യുമെന്റഡ് സിറ്റിസൺ ഡിവിഷനായി പുതിയ മേൽവിലാസം നേടുമ്പോൾ അതു കേരളത്തിന്റെ സാംസ്കാരികതലസ്ഥാനത്തിനു പുതിയ തിലകക്കുറിയാവുകയാണ്.
അയ്യന്തോൾ അക്ഷയ സെന്ററിന്റെ നേതൃത്വത്തിൽ ആറുമാസത്തെ തീവ്രയത്നത്തിലൂടെയാണ് ഈ നേട്ടത്തിനു ലാലൂർ അർഹമായിരിക്കുന്നത്. ലാലൂർ ഡിവിഷനിലെ എല്ലാ വീടുകളിലെയും ഓരോ അംഗത്തിന്റെയും സർക്കാർ അനുബന്ധ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുകയും തെറ്റുകൾ തിരുത്തുകയും നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കി ഡിജിലോക്കറിൽ അപ്ലോഡ് ചെയ്യുകയും ചെയ്താണ് പദ്ധതി അയ്യന്തോൾ അക്ഷയ വിജയത്തിലേക്ക് എത്തിച്ചത്.
അക്ഷയ സെന്ററിനൊപ്പം ഡിവിഷൻ കൗൺസിലർ പി.കെ. ഷാജനും ലാലൂർ നിവാസികളും ഈ യജ്ഞത്തിൽ തോളോടുതോൾ ചേർന്നുനിന്നപ്പോഴാണ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഡോക്യുമെന്റഡ് സിറ്റിസൺ (ഡിഡിസി) ഡിവിഷനായി ലാലൂർ മാറിയത്. ഔദ്യോഗികരേഖകൾ ഡിജിറ്റൈസ് ചെയ്തതിനു പുറമേ ഡിവിഷനിലെ ഓരോരുത്തരെയും ഡിജിറ്റൽ പണമിടപാട് പഠിപ്പിക്കുന്ന പരിപാടിയും സൈബർ മേഖലയിലെ അപകടങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തുന്ന പരിപാടികളും നടന്നുവരുന്നുണ്ട്. ഡിജിറ്റൽ സ്വയംസാക്ഷരത എന്ന ലക്ഷ്യത്തിലേക്കാണ് ലാലൂർ ഇപ്പോൾ നീങ്ങുന്നത്.
ലാലൂർ ഡിവിഷൻ ഡിഡിസി ആയി പ്രഖ്യാപിക്കുന്നതിനൊപ്പം ഓരോ വീട്ടിലേക്കും ആയുർ ചക്കയുടെ തൈയും നൽകുന്നുണ്ട്.ഡിവിഷനിലെ ഡിജിറ്റൽ പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈയൊരു പദ്ധതിക്കു തുടക്കം കുറിച്ചതെന്നു നേതൃത്വം നൽകിയ അക്ഷയ സെന്ററിലെ എ.ഡി. ജയൻ പറഞ്ഞു.
ലാലൂർ ഡിവിഷൻ കൗൺസിലറും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. ഷാജന്റെ നേതൃത്വത്തിൽ, അയ്യന്തോൾ അക്ഷയകേന്ദ്രത്തിന്റെ സഹകരണത്തോടെ ഓരോരുത്തരുടെയും വീടുകളിൽ നേരിട്ടെത്തി കിടപ്പുരോഗികളുടെയും അവശരായവരുടെയും അടക്കം രേഖകൾ പരിശോധിച്ച് എല്ലാം ശരിയാക്കുകയായിരുന്നു.