വേനലവധിക്കു മുൻപേ വിതരണത്തിന് ഒരുങ്ങി പാഠപുസ്തകങ്ങൾ
1533529
Sunday, March 16, 2025 6:22 AM IST
തൃശൂർ: വേനലവധിക്കു മുന്പുതന്നെ അടുത്ത അധ്യയനവർഷത്തിനായുള്ള പാഠപുസ്തകങ്ങൾ ജില്ലയിൽ വിതരണത്തിനൊരുങ്ങി.
ഒന്നാംഘട്ടം ജില്ലയ്ക്ക് ആവശ്യമായത് 30.78 ലക്ഷം പുസ്തകങ്ങളാണ്. ഇവയുടെ അച്ചടി പുർത്തിയായി. വരുംദിവസങ്ങൾ മുഴുവൻ പുസ്തകങ്ങളും ഹബ്ബിൽ എത്തിക്കും. കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് (കെബിപിഎസ്) അച്ചടിച്ചുമതല.
ഇതുവരെ 10,53,790 പുസ്തകങ്ങളാണ് ജില്ലയിലെത്തിയത്. ജില്ലയിൽ മുല്ലശേരി ഹയർസെക്കൻഡറി സ്കൂളിലാണ് പാഠപുസ്തക ഹബ് പ്രവർത്തിക്കുന്നത്. ആകെ 12 ഉപജില്ലകളിലായി 222 പുസ്തക സൊസൈറ്റികളിലേക്ക് ഹബ്ബിൽനിന്നും പുസ്തകങ്ങൾ എത്തിക്കണം.
ചൊവ്വാഴ്ച മുതൽ ഇവയുടെ വിതരണം ആരംഭിച്ചു. നിലവിൽ മുല്ലശേരി, ചാവക്കാട്, കുന്നംകുളം ഏരിയകളിലാണ് വിതരണം നടക്കുന്നത്. സംസ്ഥാനതല വിതരണ ഉദ്ഘാടനം കഴിഞ്ഞുമാത്രമേ സൊസൈറ്റികളിലുള്ള പുസ്തകങ്ങൾ സ്കൂളിലേക്ക് എത്തിക്കുകയുള്ളൂ. പാഠപുസ്തകങ്ങൾ ജില്ലാ ഹബ്ബുകളിൽ നേരത്തേതന്നെ എത്തിത്തുടങ്ങിയിരുന്നു.