തൃശൂർ - കൊടുങ്ങല്ലൂർ റൂട്ട്: യാത്രികര്ക്കു പേടിസ്വപ്നം
1533739
Monday, March 17, 2025 1:57 AM IST
തൃശൂർ: ബസുകളുടെ മത്സരയോട്ടവും ജീവനക്കാരുടെ പോർവിളികളുംകൊണ്ടു കുപ്രസിദ്ധമായിരിക്കുകയാണ് ജില്ലയിലെ പ്രധാന റൂട്ടുകളിലൊന്നായ കൊടു ങ്ങല്ലൂർ - തൃശൂർ പാത.
സെക്കൻഡുകളുടെ വ്യത്യാസത്തിൽ വരുന്ന ഓർഡിനറി ബസുകളും മിനിറ്റുകളുടെ വ്യത്യാസത്തിലെത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും കൊണ്ട് സന്പന്നമാണ് ഈ സംസ്ഥാന പാത. ഇവിടെ വർഷങ്ങളായി തുടരുന്ന റോഡുപണി മൂലം സമയക്രമം പാലിക്കാനാവാതെ ബസുകാർ തമ്മിൽ തുടരുന്ന സംഘർഷം ഇപ്പോൾ മൂർധന്യാവസ്ഥയിലാണ്. ബസുകൾ തൊട്ടുരുമ്മി കുതിച്ചോടുന്നതും കുറുകെയിട്ടുള്ള വെല്ലുവിളിയുമെല്ലാം സ്ഥിരംകാഴ്ചയാണ്.
ആദ്യമെത്താൻ നിയമംതെറ്റിച്ച് ഏതു കുറുക്കുവഴിയിലൂടെയും പോകാൻ ലിമിറ്റഡുകാർക്കു മടിയില്ല. ഡിവൈഡർ ഇല്ലാത്തയിടങ്ങളിൽ ബ്ലോക്കിൽപെട്ടാൽ എതിർഭാഗത്തുനിന്നുള്ള വാഹനങ്ങളെ ഗൗനിക്കാതെ ഓവർടേക്ക് ചെയ്തുവരും.
ഇടതുഭാഗത്തു റോഡിനു വെളിയിൽ അൽപം സ്ഥലമുണ്ടെങ്കിൽ അതുവഴിയും ബസോടിച്ചുകയറ്റും. കൈക്കുഞ്ഞുമുതൽ വയോധികർവരെയുള്ള യാത്രികരുടെ ജീവനു പുല്ലുവില നൽകി, കുണ്ടുംകുഴിയുമായ റോഡിലൂടെ, ഭൂമിയിലും ആകാശത്തുമല്ലാത്തവണ്ണം ചീറിപ്പായുന്ന ഇവർക്ക് അധികാരികളെ ആരെയും പേടിയുമില്ല. ഇതെല്ലാം യോഗ്യതയായാണു മിക്ക ഡ്രൈവർമാരും ജീവനക്കാരും കാണുന്നത്. ഒരു ബസിൽ മറ്റു ബസിലെ ജീവനക്കാർ കയറിയിരുന്നു നിരീക്ഷിക്കുകയും പ്രകോപിപ്പിക്കുകയുംചെയ്യുന്ന പരിപാടി തുടങ്ങിയിട്ടു കാലമേറെയായി.
സ്റ്റാൻഡുകളിലെത്തിക്കഴിഞ്ഞാൽ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടുന്നതും സ്ഥിരം കാഴ്ചയാണ്. ഇതെല്ലം നിയന്ത്രിക്കാൻ ഒരു സുപ്രഭാതത്തിൽ അധികൃതർക്കു വെളിപാടുതോന്നി പണിതുവച്ച പഞ്ചിംഗ് സ്റ്റേഷനുകൾ ഇപ്പോഴും ഈ റൂട്ടിൽ അവിടവിടെ കാടുപിടിച്ചുകിടക്കുന്നുണ്ട്. ഗതികെട്ട നാട്ടുകാർ ഇടയ്ക്കു ബസുകൾ തടഞ്ഞുതുടങ്ങി. അങ്ങനെ മുന്നോട്ടുവരുന്ന ആളുകളെ ഭീഷണിപ്പെടുത്താനും ബസുകാർക്ക് ആളുകളുണ്ട്.
എന്നാൽ ഉടമയായാലും ജീവനക്കാരായാലും മറക്കുന്ന ഒരു വസ്തുതയുണ്ട്, സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന ഈ യാത്രാമാർഗത്തിന്റെ മുഴുവൻ പേര് ബസ് എന്നു മാത്രമല്ല "ബസ് സർവീസ്’ എന്നാണെന്നത്. അതായത് ഇതു ലാഭം ഉണ്ടാക്കാനുള്ള ഉപാധി മാത്രമല്ല പൊതുസേവനം കൂടിയാണെന്ന്.