ൊകൊരട്ടി മേഖലയിൽ കനത്ത മഴ, കാറ്റ്
1534033
Tuesday, March 18, 2025 2:19 AM IST
കൊരട്ടി: കൊരട്ടി മേഖലയിൽ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പെയ്ത കനത്ത കാറ്റിലും മഴയിലും നാശം. മരങ്ങൾ വീണ് ആറിലേറെ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു.
ഇരുപതോളം സ്ഥലത്ത് വൈദ്യുതി കമ്പികൾ പൊട്ടിവീണു. കാെരട്ടിയുടെ കിഴക്കൻ മേഖലകളായ കോനൂർ, നാലുകെട്ട്, വാലുങ്ങാമുറി, ഇളംഞ്ചേരി, തിരുമുടിക്കുന്ന്, ചിറങ്ങര ഭാഗങ്ങളിലാണ് നാശമേറെയും സംഭവിച്ചിരിക്കുന്നത്.
തിരുമുടിക്കുന്ന് തെക്കിനിയത്ത് പൗലോസിന്റെ വീടിനു മുകളിലേക്ക് തേക്ക്മരം കടപുഴകി. സിനിമ മേയ്ക്കപ്പ് മാൻ സജി കൊരട്ടിയുടെ കോനൂരിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് പ്ലാവിന്റെ ശിഖിരം ഒടിഞ്ഞു വീണു.
നാലുകെട്ടിൽ ചക്യേത്ത് പോൾ വർഗീസിന്റെ വാഴത്തോട്ടത്തിൽ കുലയ്ക്കാറായ അറുപതിലേറെ വാഴകൾ ഒടിഞ്ഞു വീണു.
15ാം വാർഡ് മെമ്പർ വർഗീസ് തച്ചുപറമ്പിലെ ജാതി മരങ്ങൾ കടപുഴകി. വീട്ടുപറമ്പിലെ മാവ് ഒടിഞ്ഞ് തൊട്ടടുത്ത വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റിനു മുകളിലേക്ക് വീണ് നാശം സംഭവിച്ചിട്ടുണ്ട്. മറ്റൊരു മരം കടപുഴകി സ്വന്തം വീടിനു മുകളിലേക്കും വീണിട്ടുണ്ട്. മരം വീണ് തിരുമുടിക്കുന്നിൽ അച്ചിനമ്മ വീട്ടിൽ തോമാസിന്റെ വീടിനും ഗാന്ധിനഗറിൽ അയ്യപ്പന്റെ വീടിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. ഭാഗികമായെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ.