മാലിന്യസംസ്കരണത്തിനായി 2.02 കോടിക്ക് അംഗീകാരം
1533593
Sunday, March 16, 2025 7:29 AM IST
ചാവക്കാട്: മാലിന്യസംസ്കരണത്തിനായി 2. 02 കോടി രൂപയുടെ വിവിധ ടെന്‍ഡറുകള്‍ക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്കി. ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍ - 1.47 കോടി, മൊബൈല്‍ എഫ്എസ്ടിപി - 45.48 ലക്ഷം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള നഗരസഭയുടെ വിവിധ സ്ഥലങ്ങളില്‍ നപ്കിന് ഇന്‍സിനറേറ്ററുകള്‍ - 10 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
വിജ്ഞാന കേരളം പദ്ധതിയുടെ നടത്തിപ്പിനായി മുതുവട്ടൂരിലെ ബാലാമണിയമ്മ സ്മാരകമന്ദിരത്തില്‍ ജോബ് സ്റ്റേഷന് ആരംഭിക്കാന്‍ തീരുമാനിച്ചു. വിദേശത്ത് തൊഴില്‍ തേടിപ്പോകുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് ജനകീയാസൂത്രണ പദ്ധതി 6.67 ലക്ഷം രൂപയുടെ ധനസഹായം നല്‍കാനുള്ള ആറുപേരുടെ ഗുണഭോക്തൃ പട്ടികയ്ക്കും അംഗീകാരം നല്കി.
വൈജ്ഞാനിക തൃശൂര്‍ നാലുലക്ഷം തുടങ്ങിയ വിവിധ പദ്ധതികളുടെ അഡീഷണല്‍ ഗുണഭോക്തൃപട്ടികയ്ക്കും കൗണ്‍സില്‍ അംഗീകാരം നല്കി. ചെയര്പേഴ്സന് ഷീജ പ്രശാന്ത് അധ്യക്ഷയായി.