അടുത്തവർഷം മുതൽ സ്കൂൾതലത്തിൽ കായിക പാഠപുസ്തകങ്ങൾ: മന്ത്രി
1533728
Monday, March 17, 2025 1:57 AM IST
തൃപ്രയാർ: കുട്ടികളെ ലഹരിപോലുള്ള ഭീകരതകളിലേക്ക് തള്ളിവിടാതെ കായിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമുക്കു കഴിയണമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക് ട്രാക്ക് ആൻഡ് സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം ഐ.എം. വിജയന്റെ നാമത്തിൽ ഒരുങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ 25ഓളം കളിക്കളങ്ങൾ പുതിയതായി നിർമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾക്ക് വിദ്യാർഥികളെ സജ്ജമാക്കുന്നതിനായി എല്ലാ പ്രദേശത്തും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും പരിശീലനത്തിന് തയാറാക്കുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാർ. അടിസ്ഥാനപരമായി കായികമേഖലയെ വളർത്തിയെടുക്കാനായി അടുത്ത വർഷം മുതൽ സ്കൂൾ തലത്തിൽ കായിക പാഠപുസ്തകങ്ങൾ വരികയാണ്. ഇത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. മത്സരയിനങ്ങൾക്കല്ലാതെ വിദ്യാർഥികൾ ഏതെങ്കിലും ഒരു കായിക ഇനത്തിലെങ്കിലും പരിശീലനം നേടണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ രണ്ടാമത്തെ സിന്തറ്റിക് ട്രാക്ക് ആണ് സംസ്ഥാന സർക്കാരിന്റെ 2021- 22 ബജറ്റിൽ നിന്ന് മൂന്ന് കോടി രൂപ ഉപയോഗിച്ച് നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ തയാറാക്കിയ 200 മീറ്റർ സിന്തറ്റിക് ട്രാക്ക് ആൻഡ് സെവൻസ് ഫുട്ബോൾ ഗ്രൗണ്ട്. എട്ട് ലൈനുകളുള്ള ഫുള്‍ പി.യു. സിന്തറ്റിക് ട്രാക്കാണ് ഫിഷറീസ് സ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയത്. സെവന്‍സ് ഫുട്ബോള്‍ കളിക്കാന്‍ ബര്‍മുഡ ഗ്രാസ് പിടിപ്പിച്ച ടര്‍ഫും ലോംഗ്ജംപ് പിറ്റും ഒരുക്കിയിട്ടുണ്ട്.
സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് യു.കെ. ഗോപാലൻ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എം.എസ്. സ്മിത, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം.ആർ. ദിനേശൻ, വലപ്പാട് എഇഒ കെ.വി. അമ്പിളി, ജിഎഫ് എച്ച് എസ് എസ് പ്രധാന അധ്യാപിക പി.എച്ച്. ശെരീഫ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.