സ്വകാര്യ ബസ് സർവീസുകൾ ക്രമീകരിച്ചു
1533722
Monday, March 17, 2025 1:57 AM IST
ചാലക്കുടി: പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷൻ അടയ്ക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള ബസ് സർവീസുകൾ ക്രമീകരിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ എന്നിവർ ചാലക്കുടിയിലെ ബസ്സുടമ സംഘടനാ പ്രതിനിധികളുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് ബസുകൾ ഏത് വഴികളിലൂടെ പോകണം എന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ചാലക്കുടിയിൽ നിന്നും പോട്ട വഴി ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള ബസുകൾ കിഴക്ക് ഭാഗത്തെ വീതികൂട്ടിയ സർവീസ് റോഡിലൂടെ സുന്ദരിക്കവല വഴി സർവീസ് നടത്തും.
എഴുന്നള്ളത്ത്പാത ആശ്രമം റോഡിലൂടെ സർവീസ് നടത്തുന്ന ബസുകൾ ഇരുവശത്തേയും സർവീസ് റോഡിലൂടെ പോട്ട അടിപാതവഴി സർവീസ് നടത്തും.
ഇതിൽ ഏതെങ്കിലും ബസിന് ഓടി എത്താൻ സമയക്കുറവ് വരുന്ന പക്ഷം, ആ ബസ് ആനമല ട്രാംവെ റോഡിലൂടെ അടിപ്പാത കടന്ന് പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിലൂടെ എഴുന്നള്ളത്ത് പാതയിൽ കടക്കും.
ദേശീയപാത അഥോറിറ്റി അടുത്ത ദിവസം തന്നെ റോഡ് അടയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തുന്നതോടെ പുതിയ റൂട്ടിലൂടെയുള്ള സർവീസ് ആരംഭിക്കും.
ആശ്രമം ജംഗ്ഷനിൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിന് നിശ്ചിത സമയങ്ങളിൽ സിഗ്നൽ വച്ച് സൗകര്യം ഏർപ്പെടുത്താൻ സാധിക്കുമോ എന്ന കാര്യം ദേശീയപാത അധികൃതരുമായ് ആലോചിച്ച് നടപ്പാക്കും.
ഇരുഭാഗത്തേയും സർവീസ് റോഡിലെ പാർക്കിംഗ് പൂർണമായും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്താൻ തീരുമാനിച്ചു.
ബസ് ഉടമ പ്രതിനിധികളായ ജോൺസൻ പയ്യപ്പിള്ളി, ഷിബു ആട്ടോക്കാരൻ, ലിൻസൻ ജോൺ, എ.കെ. മിൻഹാജ്, കെ.എൻ. വേണുഗോപാലൻ, പി.ആർ. അഭിലാഷ് ടോജി വർഗീസ്, ലിജോ വർഗീസ്, എം.ഡി. ബിജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.