വന്യജീവി സംരക്ഷണനിയമ ഭേദഗതി: കേരള കോൺഗ്രസ് -എം മലയോര ജാഥ 19 മുതൽ 22 വരെ
1533522
Sunday, March 16, 2025 6:22 AM IST
തൃശൂർ: വന്യജീവി സംരക്ഷണനിയമ ഭേദഗതിക്കു കേന്ദ്രസർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് -എം മലയോരജാഥയ്ക്കു 19നു തുടക്കമാകുമെന്നു ജാഥാ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റുമായ ഉണ്ണികൃഷ്ണൻ ഈച്ചരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
19 നു വൈകീട്ട് അഞ്ചിനു കോർപറേഷൻ ഓഫീസിനുമുന്പിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ മുഖ്യാതിഥിയാകും. 20നു രാവിലെ 8.30നു തിരുവില്വാമല ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് ജാഥ ആരംഭിക്കുക. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ചേലക്കര നിയോജകമണ്ഡലം പ്രസിഡന്റ് ജോളി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. വിവിധ മലയോരപ്രദേശങ്ങളിൽ സ്വീകരണത്തിനുശേഷം 22നു വൈകീട്ട് 5.30നു ചായ്പൻകുഴിയിൽ ജാഥ സമാപിക്കും. മുൻ എംഎൽഎ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യും. ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് പോളി ഡേവിസ് അധ്യക്ഷത വഹിക്കും.
\
നിയമഭേദഗതി ആവശ്യപ്പെട്ടു കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി 27നു ഡൽഹിയിൽ നടത്തുന്ന എംഎൽഎമാരുടെ ധർണാസമരത്തിന്റെ ഭാഗമായാണു മലയോരജാഥ സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ സെബാസ്റ്റ്യൻ ചൂണ്ടൽ, ബേബി മാത്യു കാവുങ്കൽ, ഷാജി ആനിത്തോട്ടം, ബേബി നെല്ലിക്കുഴി എന്നിവരും പങ്കെടുത്തു.