കുടിവെള്ളത്തിനായി വാഴാനി ഡാം തുറന്നു
1533595
Sunday, March 16, 2025 7:29 AM IST
പുന്നംപറമ്പ്: വേനൽ രൂക്ഷമായതോടെ കുടിവെള്ളത്തിനായി വാഴാനി ഡാം ഇന്നലെ രാവിലെ തുറന്നുവിട്ടു. 29 വരെയാണ് ഡാം തുറന്നു വിടുക.
ഇന്നു മുതൽ 24 വരെ കനാലിലൂടെയും തുടർന്ന് 29 വരെ അഞ്ചു ദിവസം പുഴയിലൂടെയുമാണു വെള്ളംവിടുക. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇപ്പോൾ ജലത്തിന്റെ അളവ് 40 ശതമാനമാണ്. 10 ദിവസം തുറന്നുവിട്ടാൽ പിന്നീട് വെള്ളം തുറന്ന് വിടാനുണ്ടാകില്ല എന്നതാണ് സ്ഥിതി.
അകമല, മാരാത്ത്കുന്ന്, മങ്കര, മംഗലം, പാർളിക്കാട്, മുണ്ടത്തിക്കോട്, തെക്കുംകര മേഖലകളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. നിരവധി ജനകീയ കുടിവെള്ള പദ്ധതികൾ നഗരസഭയിലും പഞ്ചായത്തുകളിലും ഉണ്ടെങ്കിലും ഇവയെല്ലാം അതിവേഗം വറ്റുന്നതാണു വലിയ പ്രതിസന്ധി. മംഗലത്തെ അമ്മാട്ടിക്കുളം ഇപ്പോൾതന്നെ വറ്റി. വാഴാനിപ്പുഴയും വറ്റിവരണ്ടിരിക്കുകയാണ്.