ഗുരുവായൂർ ഉത്സവം: ഉത്സവബലി നടന്നു, പള്ളിവേട്ട ഇന്ന്
1534043
Tuesday, March 18, 2025 2:19 AM IST
ഗുരുവായൂര്‍: ഉത്സവത്തിന്റെ എട്ടാംദിവസമായ ഇന്നലെ താന്ത്രികപ്രധാനമായ ഉത്സവബലി നടന്നു. രാവിലെ പന്തീരടിപൂജയ്ക്കുശേഷമാണ് ഉത്സവബലിച്ചടങ്ങുകള് ആരംഭിച്ചത്.
സപ്തമാതൃക്കള്‍ക്ക് ഹവിസ് തൂവി പുറത്തേക്കെഴുന്നള്ളുന്ന സമയത്ത് ഭക്തരുടെ കണ്ഠങ്ങളില്നിന്നു നാരായണനാമമുയര്ന്നു. ഹവിസ് തൂവിത്തുടങ്ങിയതോടെ നാലമ്പലത്തിനകത്ത് തെക്കുഭാഗത്ത് സ്വര്‍ണപ്പഴുക്കാമണ്ഡപത്തില്‍ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചു. നാലമ്പലത്തിനുപുറത്ത് വലിയ ബലിക്കല്ലിലും ധ്വജദേവതകള്‍ക്കും പരിപാലകര്‍ക്കും തൂവിയശേഷം ക്ഷേത്രപാലകനു ഹവിസ് തൂവിയതോടെ ചടങ്ങ് സമാപിച്ചു.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ചേന്നാസ് കൃഷ്ണൻനമ്പൂതിരിപ്പാടാണ് ചടങ്ങുകള്‍ നിര്‍വഹിച്ചത്.
നാലമ്പലത്തിനകത്ത് ഹവിസ് തൂകിയ സമയത്ത് കീഴ്ശാന്തി നമ്പുതിരി ഗുരുവായൂരപ്പന്റെ സ്വർണത്തിടമ്പ് എഴുന്നള്ളിച്ചു. ഉത്സവബലി ദര്‍ശനത്തിന് ഭക്തരുടെ വലിയ തിരക്കനുഭവപ്പെട്ടു. ഉത്സവബലിയോടനുബന്ധിച്ച് ഇന്നലെ ദേശസദ്യ നടന്നു. പ്രസാദഊട്ടിനും വലിയ തിരക്കനുഭവപ്പെട്ടു.
25000ത്തോളംപേരാണ് ഇന്നലെ പ്രസാദഊട്ടിൽ പങ്കെടുത്തത്.