ലോട്ടറി ടിക്കറ്റിലെ തീയതി തിരുത്തി വില്പനക്കാരനെ പറ്റിച്ചു
1533738
Monday, March 17, 2025 1:57 AM IST
അത്താണി: തീയതി തിരുത്തിയ ലോട്ടറി ടിക്കറ്റുമായെത്തി വില്പനക്കാരനിൽനിന്ന് സമ്മാനത്തുകയായ അയ്യായിരംരൂപ തട്ടിയെടുത്ത് യുവാവ്.
അത്താണി വ്യവസായ പാർക്കിന്റെ രണ്ടാമത്തെ ഗേറ്റിനു സമീപമുള്ള ഗോൾഡ് സ്റ്റാർ ലോട്ടറി കടയിലാണു തട്ടിപ്പുനടന്നത്. ഇന്നലെ ഉച്ചയ്ക്കു 12.30നാണ് ബൈക്കിലെത്തിയ യുവാവ് അയ്യായിരംരൂപ സമ്മാനമായി കിട്ടിയ ആറു ടിക്കറ്റുമായി വന്നത്. എന്നാൽ ആറു ടിക്കറ്റിന്റെ തുക നൽകാനില്ലാത്തതിനാൽ വില്പനക്കാരൻ ഒരു ടിക്കറ്റിന്റെ സമ്മാനത്തുക നല്കുകയായിരുന്നു. പിന്നീടാണു കാരുണ്യ ലോട്ടറിയുടെ തീയതിമാറ്റി കബളിപ്പിച്ച വിവരം വില്പനക്കാരനു മനസിലായത്.
കറുത്തുതടിച്ച് 40 വയസു തോന്നുന്നയാളാണ് ബൈക്കിലെത്തി തട്ടിപ്പുനടത്തിയതെന്നു ലോട്ടറി വില്പനക്കാരൻ മെഡിക്കൽ കോളജ് പോലീസിൽ പരാതിനൽകി. തട്ടിപ്പു നടത്തിയയാൾ ഈ കടയിൽനിന്ന് ഒരേ നമ്പറിലുള്ള 12 ലോട്ടറികൾ വാങ്ങിയതായും പരാതിയിൽ പറയുന്നു. സമ്മാനർഹമായ ലോട്ടറികളാണെന്നു പറഞ്ഞുകൊണ്ടുള്ള നിരവധി ലോട്ടറികൾ ഇയാളുടെ കൈവശമുള്ളതായി പറയുന്നു.