ചേലക്കരയിൽ കർഷകർക്കു രക്ഷയൊരുക്കാൻ സോളാർവേലി
1533598
Sunday, March 16, 2025 7:29 AM IST
പഴയന്നൂർ: ചേലക്കരയിലെ വന്യജീവി ആക്രമണം തടയാൻ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിവഴി 70 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന സോളാർ വേലി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിച്ചു.
വന്യമൃഗങ്ങളിൽനിന്ന് ഉണ്ടാകുന്ന ആക്രമണങ്ങളിൽനിന്നും ജനങ്ങൾക്കു സംരക്ഷണം ലഭിക്കാനും കാർഷിക മലയോര മേഖലയെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പരിഹാരമായാണ് സോളാർ വേലി നിർമിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കെ. രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന കേന്ദ്ര സർക്കാരുകൾ കൂട്ടായി പദ്ധതികൾ നടപ്പിലാക്കണമെന്നും വന്യജീവികളുടെ സംരക്ഷണത്തിനു നടപടികൾ വേണമെന്നും എംപി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയകൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി ചേലക്കര നിയോജകമണ്ഡലത്തിലെ ചേലക്കര, പഴയന്നൂർ പഞ്ചായത്തുകളിൽ തിരുമണി മുതൽ മണ്ണാത്തിപ്പാറവരെ 29.5 കിലോമീറ്ററാണ് സോളാർ ഫെൻസിംഗ് സ്ഥാപിക്കാനൊരുങ്ങുന്നത്. ചേലക്കര പഞ്ചായത്തിലെ മണ്ണാത്തിപ്പാറയിൽനിന്ന് തുടങ്ങി തൊ ട്ടേക്കോട്, വട്ടുള്ളി, കളപ്പാറ, കാളിയാറോഡ്, തൃക്കണായ എന്നീ പ്രദേശങ്ങളിലൂടെ അഞ്ച് ലൈനുകളായിട്ടാണ് വേലി സ്ഥാപിക്കുക.
യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷനായി. ജില്ലാ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ റിപ്പോർട്ട് അവതരിപ്പിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, കാർഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. മേരി വിജയ, ജില്ലാ പഞ്ചായത്ത് അംഗം കെ. ആർ. മായ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എച്ച്. ഷെലീൽ, മെമ്പർമാരായ ജാനകി ടീച്ചർ, സുജാത അജയൻ, പി.സി. നീതു, കർഷക പ്രതിനിധികളായ ടി.എൻ. പ്രഭാകരൻ, പി.ടി. ഷാജു എന്നിവർ പ്രസംഗി ച്ചു.
മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. ആനന്ദ് സ്വാഗതവും കൃഷി അസി. ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ നന്ദിയും പറഞ്ഞു.