വരുന്നൂ, പൂരത്തിനുമുൻപ് തൃശൂരിൽ തൊഴിൽപൂരം
1534041
Tuesday, March 18, 2025 2:19 AM IST
തൃശൂർ: മേയ് ആറിനു നടക്കുന്ന തൃശൂർ പൂരത്തിനു മുന്നോടിയായി തൊഴിൽരഹിതർക്ക് ആഘോഷമായി ഏപ്രിൽ 26നു തൃശൂരിൽ മെഗാ തൊഴിൽപൂരം വരുന്നു. തൃശൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെ-ഡിസ്കിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന വിജ്ഞാനകേരളം - വിജ്ഞാന തൃശൂർ പദ്ധതിയുടെ ഭാഗമായ മെഗാ ജോബ് ഫെയറാണു നടക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും.
തൃശൂർ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും ജോബ് സ്റ്റേഷനുകളും ഗ്രാമപഞ്ചായത്തുകളിൽ ജോബ് ഫെസിലിറ്റേഷൻ സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്കാണു ജോബ് ഫെയറിൽ പങ്കെടുക്കാനാവുക.
ജില്ലയിലെ ഏറ്റവും വലിയ തൊഴിൽമേളയാണു തൃശൂരിൽ നടക്കാൻ പോകുന്നതെന്നു സംഘാടകർ പറയുന്നു. ജോബ്ഫെയറിന്റെ പ്രചാരണാർഥമുള്ള പോസ്റ്റർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസവിദഗ്ധനും വേൾഡ് ബാങ്ക് പ്രോജക്ട് ഡയറക്ടറുമായ ഡോ. ടി.പി. സേതുമാധവൻ, വിജ്ഞാനകേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.വി. ജ്യോതിഷ്കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ. യു. സലീൽ, കില ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, പ്രോഗ്രാം മാനേജർ കെ.ജെ. സിതാര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.