വിളവെടുപ്പിന് തയാറായ പാടശേഖരത്തില്‍ വെള്ളക്കെട്ട്, കര്‍ഷകര്‍ ദുരിതത്തില്‍
1533613
Sunday, March 16, 2025 7:39 AM IST
കോടാലി: മാങ്കുറ്റിപ്പാടത്ത് വിളവെടുപ്പിനു പാകമായ പാടശേഖരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് നെല്‍കര്‍ഷകര്‍ക്ക് ദുരിതമായി. മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം പാടശേഖരസമിതിക്കു കീഴിലുള്ള മുണ്ടകന്പാടങ്ങളിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്.
17 പാടശേഖരങ്ങളുള്ള മറ്റത്തൂര്‍ കൃഷിഭവന് പരിധിയില്‍ ഇറിഗേഷന്‍ കനാലില്‍ നിന്നുള്ള വെള്ളത്തെ മാത്രം ആശ്രയിച്ചുകൃഷിയിറക്കുന്ന പാടശേഖരമാണ് മാങ്കുറ്റിപ്പാടം. നേരത്തെ ആണ്ടില്‍ മൂന്നുവട്ടം നെല്‍കൃഷി ചെയ്തുവന്നിരുന്ന ഇവിടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുണ്ടകന്‍ വിള മാത്രമാണ് ഇറക്കുന്നത്. ഇത്തവണ വെള്ളപൊന്മണി വിത്തുപയോഗിച്ചാണ് ഇവിടത്തെ കര്‍ഷകര്‍ മുണ്ടകന്‍ വിളയിറക്കിയത്.
സമയബന്ധിതമായി കനാല്‍വെള്ളം ലഭിച്ചതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവാണ് ഇക്കുറി കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കൊയ്ത്തിനുപാകമായ നെല്ക്കണ്ടങ്ങളിലേക്ക് കനാല്‍വെള്ളം എത്തിയതും കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയും കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണെന്ന് പഞ്ചായത്ത് അംഗവും പാടശേഖര സമിതി സെക്രട്ടറിയുമായ ശിവരാമന് പോതിയില്‍ പറഞ്ഞു.
വിളഞ്ഞുപാകമായ പാടശേഖരത്തിലേക്ക് വെള്ളം ആവശ്യമില്ലെങ്കിലും മറ്റത്തൂര്‍ കനാലിന്റെ തകരാറിലായ സ്പൗട്ടുകള്‍ വഴിയും ഉറവ വഴിയും സമീപത്തെ കല്ലന്കുഴി തോട്ടിലേക്ക് വെള്ളമെത്തിയതാണ് പാടത്തേക്ക് വെള്ളം കയറാന്‍ കരണമായത്.
ഈ മാസം 25ന് കൊയ്ത്ത് തുടങ്ങേണ്ട പാടത്ത് നെല്‍ച്ചെടികളെല്ലാം വെള്ളത്തിലാണ് നില്‍ക്കുന്നത്. പാടത്ത് വെള്ളമുണ്ടെങ്കില്‍ കൊയ്ത്തുയന്ത്രമിറക്കാന്‍ ബുദ്ധിമുട്ടുനേരിടും. ചെളിയിലിയിറങ്ങി കൊയത്തുനടത്തിയാല് തന്നെ വൈക്കാല് നശിച്ചുപോകാനും ഇടവരുമെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം മഴ ശക്തമായി പെയ്തതതിനെ തുടര്‍ന്ന് പാടശേഖരത്തിലെ ചില ഭാഗങ്ങളില്‍ നെല്ല് വെള്ളത്തില്‍ വീണു കിടക്കുകയാണ്. പാടത്തെവെള്ളം വറ്റിപ്പോയില്ലെങ്കില് വീണു കിടക്കുന്ന നെല്‍ക്കതിരുകള്‍ മുഴുവന്‍ മുളച്ചുപോകും.
മഴ ഇനിയും പെയ്താല്‍ കനത്ത നാശനഷ്ടം കര്‍ഷകര്‍ക്ക് നേരിടേണ്ടിവരും. മറ്റത്തൂര്കനാലില് വെള്ളം തുറന്നുവിടുമ്പോഴും മഴ കനത്തുപെയ്യുമ്പോഴും മാങ്കുറ്റിപ്പാടം പാടശേഖരത്തില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ ഇവിടെയുള്ള കല്ലന്കുഴി തോട് നവീകരിച്ചാല്‍ മതിയാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അടിത്തട്ടില്‍ കാടക്കണ്ണന്‍ ഇനത്തിലുള്ള കട്ടിയേറിയ കല്ലാണ് ഈ തോടിലുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗപ്പെടുത്തി തോട് താഴ്ത്തിയാല്‍ പാടത്തെ വെള്ളം സുഗമമായി സമീപത്തെ വലിയതോട്ടിലേക്ക് ഒഴുകിപോകും. ഇങ്ങനെ ചെയ്താല്‍ വരും വര്‍ഷങ്ങളില്‍ കൃഷിനാശമില്ലാതെ നെല്‍കൃഷി ചെയ്യാനാകും. ഇതിനാവശ്യമായ പദ്ധതിക്ക് രൂപം നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.