പീച്ചിറോഡ് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർവരെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം ഇന്ന്
1533023
Saturday, March 15, 2025 1:34 AM IST
പട്ടിക്കാട്: മലയോര ഹൈവേയുടെ പീച്ചിറോഡ് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ആദ്യ റീച്ചിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്നു നിർവഹിക്കും. വൈകീട്ട് നാലിന് വിലങ്ങന്നൂർ സെന്ററിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
പീച്ചി റോഡ് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ സെന്റർ വരെ 5.3 കിലോമീറ്ററിലെ ആദ്യ റീച്ചിന്റെ പണികളാണ് ഇപ്പോൾ പൂർത്തിയായത്. പതിവായി റോഡ് തകർ ച്ച നേരിട്ടിരുന്ന ആൽപ്പാറ വാര്യത്തുപടി വളവിൽ പൂർണമായും കോൺക്രീറ്റ് ടൈൽ വിരിക്കുകയും ചെയ്തിട്ടുണ്ട്.
ബസ് സ്റ്റോപ്പുകൾ, ഫുട്പാത്ത് എന്നിവയ്ക്കു പുറമെ റോഡിന്റെ വശങ്ങളിൽ കെർബുകളും കോ ൺക്രീറ്റിംഗും നടത്തി ആവശ്യമായ സ്ഥലങ്ങളിൽ കാനകളും നിർമിച്ചിട്ടുണ്ട്. ഡെൻസ് ബിറ്റു മിൻ മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയ റോഡിൽ ട്രാഫിക് ലൈനുകൾ, റിഫ്ലക്ടീവ് സ്റ്റഡുകൾ, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. 2023 മേയ് 18നാണ് ആദ്യ റീച്ചിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നത്.
വിലങ്ങന്നൂർ മുതൽ വെള്ളിക്കുളങ്ങര വരെയുള്ള പ്രദേശങ്ങളിൽ സ്ഥലം വിട്ടുകിട്ടിയാൽ 30. 925 കിലോമീറ്റർ ദൂരത്തിൽ 136.49 കോടി രൂപ ചെലവിട്ട് രണ്ട് പാലങ്ങൾ ഉൾപ്പെടെയുള്ള മലയോര ഹൈവേയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.
21.05 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ആദ്യ റീച്ചിന്റെ നിർമാണത്തിനു ലഭിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ആസ്മാസ് കൺസ്ട്രക്ഷനായിരുന്നു നിർമാണ ചുമതല.