ചിറ്റിശേരിയിൽ ഡെങ്കിപ്പനി പടരുന്നു; പ്രതിരോധം ശക്തമാക്കി ആരോഗ്യവിഭാഗം
1533734
Monday, March 17, 2025 1:57 AM IST
നെൻമണിക്കര: ചിറ്റിശേരി പ്രദേശത്ത് ഡെങ്കിപ്പനി പടരുന്നു. ആറുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ചവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
നെന്മണിക്കര പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വീടുകളിൽ ശുചീകരണം തുടങ്ങി. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതും മരുന്ന് തളിക്കലുമാണ് തുടങ്ങിയത്.
പ്രതിരോധപ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ്് ടി.എസ്. ബൈജു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. രാഖി പഞ്ചായത്ത് അംഗങ്ങളായ സജിൻമേലടത്ത്, നിഷ, ഹെൽത്ത് ഇൻസ്പെക്ടർ എം.ആർ. രഘു എന്നിവർ സംസാരിച്ചു.
സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർമാരായ ഒ.ജി. മായ, അരുൺ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സീന, ആശപ്രവർത്തകരും നേത്രത്വം നൽകി.
ആരോഗ്യവകുപ്പിൻ്റെ കൊതുക് സാന്ദ്രത പഠനത്തിൽ ഹൈ റിസ്ക് ഏരിയ ആയതുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും കൊതുക് വളരുവാൻ സാഹചര്യം സൃഷ്ടിക്കുന്നവരുടെ പേരിൽ കേസെടുക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
പരിസര ശുചിത്വം പാലിക്കാതിരിക്കുന്നത് പൊതുജനാരോഗ്യ നിയമ പ്രകാരം 25000 രൂപ പിഴയും മൂന്ന് മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്.