ചിറങ്ങരയിലേത് പുലി തന്നെ
1534040
Tuesday, March 18, 2025 2:19 AM IST
കൊരട്ടി: ഇക്കഴിഞ്ഞ 14നു രാത്രി ചിറങ്ങര - മംഗലശേരി പ്രദേശത്തു കണ്ടതു പുലി തന്നെയാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. നടപടിക്രമങ്ങൾ പാലിച്ച് ഔദ്യോഗികസ്ഥിരീകരണം ഇന്നുണ്ടാകും.
കൊരട്ടി പഞ്ചായത്ത് വിളിച്ചുചേർത്ത അടിയന്തരയോഗത്തിൽ ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനൊപ്പം പുലിയെ പിടികൂടാൻ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും വിലയിരുത്തി. പുലിയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന നാലിടങ്ങളിൽ ഇന്നലെ രാത്രിതന്നെ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ഇന്നു കൂടു വയ്ക്കാനും തീരുമാനിച്ചു.
പുലിയെ സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ പോലീസ് ആക്ട് അനുസരിച്ചും ഐടി ആക്ട് അനുസരിച്ചും കേസെടുക്കാൻ പോലീസിനു നിർദേശം നൽകി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യാജ വീഡിയോകൾ ചിറങ്ങരയിലെയും സമീപപ്രദേശങ്ങളിലേതുമാണെന്ന് വരുത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്കു നീങ്ങുന്നത്.ചിറങ്ങര, മംഗലശേരി, ചെറ്റാരിക്കൽ, കൊരട്ടി മേഖലകളിലെ ആരാധനാലയങ്ങളിൽ വെളുപ്പിനും രാത്രിയും നടക്കുന്ന പ്രാർഥനകളുടെ സമയം പകൽനേരങ്ങളിലാക്കി ക്രമീകരിക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകും. പൊതു ഇടങ്ങളിലെ അടിക്കാടുകൾ പഞ്ചായത്ത് നേരിട്ടു വെട്ടിവൃത്തിയാക്കാനും സ്വകാര്യഭൂമിയിലെ അടിക്കാടുകൾ വെട്ടിനീക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ട വ്യക്തികൾക്കു നോട്ടീസ് നൽകാനും തീരുമാനിച്ചു.
മേഖലയിലെ ആൾത്താമസമില്ലാത്ത വീടുകളുടെ പട്ടിക തയാറാക്കും. വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ഏതു സാഹചര്യവും നേരിടാൻ ആർആർടി അംഗങ്ങൾ സജ്ജമാണെന്നും അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ചർ ജിഷ്മ ജനാർദനൻ പറഞ്ഞു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. കെ.ആർ. സുമേഷ്, കുമാരി ബാലൻ, കൊരട്ടി എസ്ഐ സി.പി. ഷിബു, വനം വകുപ്പ് ഉദ്യോഗസ്ഥരായ ആൽബിൻ ആന്റണി, കെ.പി. അസീസ്, വില്ലേജ് ഓഫീസർ ഇൻചാർജ് പി. സജീവ്, പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, പി.എസ്. സുമേഷ്, വർഗീസ് തച്ചുപറമ്പൻ, ഗ്രേസി സ്കറിയ, ബിജോയ് പെരേപ്പാടൻ, ലിജോ ജോസ് എന്നിവർ പ്രസംഗിച്ചു.
തല കടിച്ചെടുത്ത നിലയിൽ
നായയുടെ ജഡം
പുലിഭീതിക്കിടെ, ഇന്നലെ രാവിലെ ചിറങ്ങര റെയിൽവേ ട്രാക്കിൽ തല കടിച്ചെടുത്ത നിലയിൽ ഒരു നായയുടെ ജഡം കണ്ടതു ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
തെരുവുനായ്ക്കളുടെ ശല്യം കൊരട്ടി മേഖലയിൽ വ്യാപകമായിരുന്നുവെങ്കിലും നിലവിൽ ഗണ്യമായി കുറവുവന്നിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇതും ഭീതി പടരാൻ കാരണമായി. വനമേഖലയിൽനിന്ന് എട്ടര കിലോമീറ്റർ അകലെയാണ് പുലിയെ കണ്ടത്. പുലിയുടെ ആകാരത്തിൽനിന്നും ചെറിയ പുലിയാണെന്നാണ് വിലയിരുത്തൽ.