നടപടി പിൻവലിക്കണം: സിപിഐ
1533526
Sunday, March 16, 2025 6:22 AM IST
തൃശൂർ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയും കൂടിക്കാഴ്ചയും നടത്തി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം തസ്തികയിൽ നിയമിച്ചയാൾക്കു തൊഴിലെടുക്കാൻ നടപടിയെടുക്കണമെന്നു സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. ഒരുവിഭാഗം പുരോഹിതന്മാർ എതിർപ്പറിയിച്ചതിനാലാണ് ജോലിയിൽനിന്നു മാറ്റിനിയമിച്ചതെന്നും ജാതിവിവേചനമുണ്ടെന്നുമാണ് ആരോപണം.
ജാതിവിവേചനം യാഥാർഥ്യമാണെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്നും നിയമാനുസൃതം നിയമിക്കപ്പെട്ട ജീവനക്കാരനെ കഴകംജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ദേവസ്വം അധികൃതർ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.വി. വസന്തകുമാർ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, റവന്യൂ മന്ത്രി കെ. രാജൻ, കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, രാജാജി മാത്യു തോമസ്, അഡ്വ. ടി.ആർ. രമേഷ് കുമാർ, പി. ബാലചന്ദ്രൻ എംഎൽഎ, വി.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
സിപിഐ നൂറാംവാർഷിക ആഘോഷപരിപാടികൾ വിപുലമായി സംഘടിപ്പിക്കാനും കേന്ദ്ര ഓഫീസുകൾക്കുമുന്നിൽ നാളെ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.